ഐക്യരാഷ്ട്ര കേന്ദ്രം
മറ്റ് രാജ്യങ്ങളെ ഭീഷണിപ്പെടുത്താനോ ആക്രമിക്കാനോ തീവ്രവാദികളെ സംരക്ഷിക്കാനോ അഫ്ഗാൻ മണ്ണ് ഉപയോഗിക്കരുതെന്ന് ഐക്യരാഷ്ട്ര സംഘടനാ രക്ഷാസമിതി പ്രമേയം. രാജ്യംവിടാൻ ആഗ്രഹിക്കുന്ന അഫ്ഗാൻ പൗരരുടെയും വിദേശികളുടെയും സുരക്ഷ ഉറപ്പാക്കുമെന്ന വാഗ്ദാനം പാലിക്കണമെന്നും പ്രമേയം താലിബാനോട് ആവശ്യപ്പെട്ടു. ഫ്രാൻസ്, ബ്രിട്ടൻ, അമേരിക്ക എന്നിവ മുന്നോട്ടുവച്ച പ്രമേയത്തെ 13 രാജ്യം അനുകൂലിച്ചു. റഷ്യയും ചൈനയും വിട്ടുനിന്നു. അഫ്ഗാൻ വിഷയത്തിൽ രക്ഷാസമിതി പാസാക്കുന്ന ആദ്യ പ്രമേയമാണിത്.
ഹമീദ് കർസായി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഐഎസ്കെ നടത്തിയ ചാവേറാക്രമണത്തെ പ്രമേയം വിമർശിച്ചു. ആക്രമണത്തിൽ 28 സൈനികരും 300 സിവിലിയന്മാരും മരിച്ചു. വിമാനത്താവളത്തിലേക്ക് കൂടുതൽ ആക്രമണം ഉണ്ടാകാമെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിൽ സമിതി ആശങ്ക രേഖപ്പെടുത്തി.