ഐക്യരാഷ്ട്ര കേന്ദ്രം
മാരക ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്ന ലെഡ് (ഈയം) ചേർത്ത പെട്രോളിന്റെ ഉപയോഗം ലോകത്ത് അവസാനിച്ചതായി ഐക്യരാഷ്ട്ര സംഘടന. ജൂലൈയിൽ അൾജീരിയയിലെ സർവീസ് സ്റ്റേഷനുകൾ ലെഡ് പെട്രോൾ വിതരണം നിർത്തിവച്ചതോടെയാണ് ഒരു നൂറ്റാണ്ട് നീണ്ട മാരകവിഷത്തിന്റെ ഉപയോഗം അവസാനിച്ചത്. പരിസ്ഥിതിയെയും ഇത് മലിനമാക്കും. 2002 മുതൽ യുഎൻ പരിസ്ഥിതി സംഘടനയുടെ (യുഎൻഇപി) നേതൃത്വത്തിൽ ലെഡ് പെട്രോൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രചാരണം ആരംഭിച്ചു.
എൻജിന്റെ കാര്യക്ഷമത കൂട്ടുന്നതിനാണ് പെട്രോളിൽ ലെഡ് ചേർക്കുന്നത്. 1922 മുതൽ വിവിധ രാജ്യങ്ങൾ ഇത് ഉപയോഗിക്കുന്നു. എന്നാൽ, പിന്നീട് നടന്ന പഠനങ്ങളിൽ ലെഡിന്റെ ഉപയോഗം മനുഷ്യനും പ്രകൃതിക്കും ദോഷമാണെന്ന് കണ്ടെത്തി.
കുട്ടികളിലെ ബുദ്ധിവളർച്ച ഇല്ലാതാക്കുമെന്നും ഹൃദ്രോഗം, പക്ഷാഘാതം, ക്യാൻസർ പോലുള്ള മാരക രോഗങ്ങൾക്ക് കാരണമാകുമെന്നും പഠനങ്ങളിൽ തെളിഞ്ഞു. ലെഡ് പെട്രോളിന്റെ ഉപയോഗം നിരോധിച്ചതോടെ പ്രതിവർഷം 12 ലക്ഷത്തോളം അകാലമരണം തടയാൻ സാധിച്ചെന്നാണ് കണക്ക്.
ലെഡ് പെട്രോൾ
ജൈവലോഹ സംയുക്തമായ ടെട്രാ ഈതൈൽ ലെഡ് ചേർക്കുന്ന പെട്രോളാണ് ലെഡ് പെട്രോൾ. ടെട്രാ ഈതൈൽ ലെഡിന് നിറമോ സ്ഥിരതയോ ഇല്ല. വെള്ളത്തിലും ലയിക്കില്ല.
മുൻകെെയെടുത്ത് ഇന്ത്യയും
ലെഡ് പെട്രോൾ ഘട്ടംഘട്ടമായി നിരോധിക്കാൻ മുൻകൈ എടുത്ത രാജ്യങ്ങളിൽ ഇന്ത്യയുമുണ്ട്. 1994 മുതൽ ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ എന്നിവിടങ്ങളിൽ ലെഡിന്റെ അളവ് കുറഞ്ഞ പെട്രോൾ വിതരണം ചെയ്തു. 2000ത്തോടെ രാജ്യത്ത് പൂർണമായും ഇത് നിരോധിച്ചു.