ഐസ്വാൾ
മിസോറമിൽ എയ്ഡ്സ് ബാധിച്ച് രണ്ടുവർഷത്തിനിടെ മരിച്ചത് 1159 പേർ. 2019–-20ൽ 443 പേരും 2018-–-19ൽ 716 പേരും മരിച്ചു. ഈ വർഷങ്ങളിൽ യഥാക്രമം 2339 പേരും 2237 പേരും എയ്ഡ്സ് ബാധിതരായി. സംസ്ഥാന ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് തിങ്കളാഴ്ച പുറത്തിറക്കിയ സ്റ്റാറ്റിസ്റ്റിക്കൽ ഹാൻഡ്ബുക്കിലാണ് ഗൗരവകരമായ വിവരം. സംസ്ഥാനത്തെ 10.91 ലക്ഷം ജനസംഖ്യയിൽ 2.32 ശതമാനം പേർ എയ്ഡ്സ് ബാധിതരാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ എയ്ഡ്സ് സാന്ദ്രതയുള്ള സംസ്ഥാനമാണ് മിസോറമെന്ന് ദേശീയ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷൻ ചൂണ്ടിക്കാട്ടുന്നു.
1990ലാണ് സംസ്ഥാനത്ത് ആദ്യമായി എയ്ഡ്സ് രോഗം റിപ്പോർട്ട് ചെയ്തത്. 2020 സെപ്തംബർവരെ 1972 ഗർഭിണികളടക്കം 23,092 പേർക്ക് എയ്ഡ്സ് സ്ഥിരീകരിച്ചു. 30 വർഷത്തിൽ 2877 പേർ മരിച്ചതായാണ് കണക്ക്. 78 ശതമാനത്തിനും ലൈംഗികബന്ധത്തിലൂടെയാണ് രോഗം പകർന്നത്. 20 ശതമാനത്തിന് ലഹരി കുത്തിവയ്ക്കാൻ സൂചി മാറി ഉപയോഗിച്ചും.