ന്യൂഡൽഹി
ഉത്തർപ്രദേശിലെ നോയിഡയിൽ ചട്ടം ലംഘിച്ച് നിർമിച്ച 40 നിലവീതമുള്ള ഇരട്ട ടവർ പൊളിക്കാന്‍ ഉത്തരവിട്ട് സുപ്രീംകോടതി. കെട്ടിടനിർമാണ കമ്പനി സ്വന്തം ചെലവിൽ മൂന്നു മാസത്തിനകം ഇവ പൊളിക്കണം. ഫ്ലാറ്റ് ബുക്ക് ചെയ്തവര്‍ക്ക് പണം മടക്കിനൽകണമന്നും ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡും എം ആർ ഷായും ഉത്തരവിട്ടു.
സൂപ്പർടെക് എന്ന കമ്പനി നോയിഡ 93എ സെക്ടറിൽ എമറാൾഡ് കോർട്ട് എന്ന പേരിൽ നിർമിച്ച പാർപ്പിടസമുച്ചയത്തിലാണ് ആയിരത്തോളം ഫ്ലാറ്റുള്ള ഇരട്ട ടവർ. പ്ലാനിൽ നിയമവിരുദ്ധമായി മാറ്റംവരുത്തിയെന്ന് ചൂണ്ടിക്കാട്ടി റസിഡന്റ് വെൽഫെയർ അസോസിയേഷനാണ് കോടതിയിലെത്തിയത്.
കെട്ടിടനിർമാണ ചട്ടം ലംഘിച്ചെന്നും കമ്പനി അധികൃതരും ഉദ്യോഗസ്ഥരും ഗൂഢാലോചന നടത്തിയെന്നും സുപ്രീംകോടതി കണ്ടെത്തി. നേരത്തേ അലഹബാദ് ഹൈക്കോടതിയും ടവര്‍ പൊളിക്കാന്‍ ഉത്തരവിട്ടിരുന്നു.