മാവേലിക്കര
തങ്ങളുടെ ബന്ധം എതിർത്ത അച്ഛനെ കൊന്ന് കുളത്തിൽ തള്ളിയ കേസിൽ മകൾക്കും കാമുകനും കൂട്ടാളിക്കും ഇരട്ടജീവപര്യന്തം. ചുനക്കര ലീലാലയത്തിൽ ശശിധര പണിക്കരെ (54) കൊന്ന കേസിൽ മകളുടെ കാമുകനായ ഒന്നാംപ്രതി കൃഷ്ണപുരം ഞക്കനാൽ മണപ്പുറത്ത് റിയാസ് (37), കൂട്ടാളിയായ രണ്ടാംപ്രതി നൂറനാട് പഴഞ്ഞിയൂർകോണം രതീഷ് ഭവനത്തിൽ രതീഷ് (38) എന്നിവർക്കാണ് ഇരട്ട ജീവപര്യന്തം. കൊലപാതകത്തിന് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ വീതം പിഴയും ക്രിമിനൽ ഗൂഢാലോചനയ്ക്ക് ജീവപര്യന്തം തടവും 50,000 രൂപ വീതം പിഴയുമാണ് ശിക്ഷ. മൂന്നാംപ്രതി ശശിധരപണിക്കരുടെ മകൾ ശ്രീജമോൾക്ക് (36) ക്രിമിനൽ ഗൂഢാലോചനക്കുറ്റത്തിന് ജീവപര്യന്തം തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ. ഇതിന് പുറമേ റിയാസിന് തെളിവ് നശിപ്പിക്കലിന് മൂന്നുവർഷം തടവും 50,000 രൂപ പിഴയും ശിക്ഷയുണ്ട്. പിഴത്തുക 4 ലക്ഷം രൂപ ശശിധരപണിക്കരുടെ ഭാര്യ ശ്രീദേവിക്ക് നൽകണം. മാവേലിക്കര അഡി.ജില്ലാ ജഡ്ജി സി എസ് മോഹിതാണ് ശിക്ഷ വിധിച്ചത്.
പ്രോസിക്യൂഷൻ 31 സാക്ഷികളെയും പ്രതിഭാഗം രണ്ട് സാക്ഷികളെയും വിചാരണവേളയിൽ ഹാജരാക്കി. ശ്രീജമോളുടെ സഹോദരി ശരണ്യ അടക്കം നാലു സാക്ഷികൾ കൂറുമാറിയ കേസിൽ പോസ്റ്റുമോർട്ടം റിപ്പോർട്ടും ഫോൺവിളി രേഖകളും ശക്തമായ തെളിവായി. ശശിധരപണിക്കരുടെ സഹോദരൻമാരായ വാസുദേവനും ദാസും പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി. പ്രോസിക്യൂഷന് വേണ്ടി അഡി.പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എസ് സോളമൻ, അഡ്വ. സരുൺ കെ ഇടിക്കുള എന്നിവർ ഹാജരായി.
2013 ഫെബ്രുവരി 23നാണ് സംഭവം. ചാരുംമൂട്ടിലെ സ്ഥാപനത്തിലെ ജീവനക്കാരിയായ ശ്രീജമോൾ അടുത്ത സ്ഥാപനത്തിലുള്ള റിയാസുമായി അടുപ്പത്തിലായിരുന്നു. റിയാസ് വിവാഹത്തിന് തയ്യാറാകാതെ ഗൾഫിലേക്ക് പോയി. തുടർന്ന് തിരുവനന്തപുരം സ്വദേശിയെ ശ്രീജ വിവാഹം കഴിച്ചു. പിന്നീട് വിവാഹമോചിതയായ ശ്രീജ റിയാസുമായുള്ള ബന്ധം തുടർന്നു. മകളുടെ ഈ ബന്ധം ശശിധരപണിക്കർ എതിർത്തതോടെയാണ് കൊലപാതകത്തിലേക്ക് നയിച്ചത്.