ഇസ്ലാമാബാദ്
അഫ്ഗാനിൽനിന്ന് പിന്മാറിയ അമേരിക്കൻ സൈന്യം പാകിസ്ഥാനിൽ നിലയുറപ്പിക്കുന്നതായ വാർത്ത തള്ളി പാക് ആഭ്യന്തരമന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദ്. അമേരിക്കൻ സൈന്യത്തിന്റെ പാകിസ്ഥാനിലെ താമസം താൽക്കാലികമാണെന്നും 21 മുതൽ 30 ദിവസം ദൈർഘ്യമുള്ള ട്രാൻസിറ്റ് വിസയാണ് ഇവർക്ക് നൽകിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാൻ മുഷാറഫ് യുഗത്തിലേക്ക് തിരിച്ചുപോകുകയാണെന്ന ആരോപണവും അദ്ദേഹം തള്ളി.
അഫ്ഗാനിൽനിന്ന് തൊർഖാം അതിർത്തി വഴി 2192 പേരും വിമാനമാർഗം 1627 പേരും രാജ്യത്തെത്തി. ചുരുക്കം പേർ ചമാൻ അതിർത്തിവഴിയുമെത്തി. അഫ്ഗാനിൽ തങ്ങാൻ തീരുമാനിച്ച നാൽപ്പതോളം പേരൊഴികെ എല്ലാ പാകിസ്ഥാൻകാരെയും തിരികെ എത്തിച്ചു. അഫ്ഗാൻ കേന്ദ്രമാക്കി പാകിസ്ഥാനെതിരെ തീവ്രവാദ പ്രവർത്തനം നടത്താൻ പാക് താലിബാനെ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.