ന്യൂഡൽഹി > ഹരിയാനയിലെ കർണാലിൽ പൊലീസ് മർദനത്തിൽ മരിച്ച കർഷകൻ സുശീൽ കാജലിന്റെ കുടുംബത്തെ കിസാൻ സഭ നേതാവ് പി കൃഷ്ണപ്രസാദ് സന്ദർശിച്ചു. റായ്പ്പുരിലെ ജതനിൽ സുശീൽ കാജലിന്റെ വീട്ടിലെത്തിയ കൃഷ്ണപ്രസാദ് കുടുംബത്തിന് സഹായധനം കൈമാറി. കർഷകരെ ലാത്തിച്ചാർജ് ചെയ്ത കർണാലിലെ ടോൾ പ്ലാസയിൽ തുടരുന്ന ധർണയെയും അദ്ദേഹം അഭിവാദ്യം ചെയ്തു.
പൊലീസ് അതിക്രമത്തിൽ പരിക്കേറ്റ നിരവധി കർഷകർ ആശുപത്രിയിൽ ചികിത്സയിലാണ്. കാർഷിക നിയമങ്ങൾക്കെതിരായി സമരത്തിലുള്ള കർഷകരെ തല്ലിച്ചതച്ച പൊലീസ് നടപടിയിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. ഹരിയാന, പഞ്ചാബ്, യുപി, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ കർഷകർ റോഡുകൾ ഉപരോധിച്ചിരുന്നു.
ഒമ്പതുമാസമായി സുശീൽ കാജൽ സമരങ്ങളിൽ സജീവമായിരുന്നു. കർണാൽ ടോൾ പ്ലാസയിൽ മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറിനെതിരെ പ്രതിഷേധിക്കുമ്പോഴാണ് പൊലീസ് മർദിച്ചത്.