ന്യൂഡൽഹി
പടിഞ്ഞാറൻ യുപിയിൽ ഒരാഴ്ചയ്ക്കിടെ ഡെങ്കി പനിമൂലം മരിച്ചത് അമ്പതിലേറെപ്പേര്‍. ആഗ്ര, ഫിറോസാബാദ്, മഥുര, മെയിൻപുരി, ഇറ്റാവ, കസൻഗഞ്ച് ജില്ലകളിൽ മരണമുണ്ടായി. പനി ബാധിച്ച് ജലാംശം നഷ്ടപ്പെടുന്നതും പ്ലേറ്റ്ലെറ്റ് എണ്ണം കുറയുന്നതുമാണ് മരണകാരണം. കിഴക്കൻ യുപിയിലും ഇത്തരം പനി പടരുന്നു. മരിച്ചവരിൽ 32 കുട്ടികൾ ഉള്ളതായാണ് പിടിഐ റിപ്പോർട്ട്. എന്നാൽ ഫിറോസാബാദ് ജില്ലയിൽ 22ന് ശേഷം നാൽപതിൽപരം കുട്ടികൾ ഡെങ്കി പനി ബാധിച്ച് മരിച്ചിട്ടുണ്ടെന്ന് ബിജെപി എംഎൽഎ മനീഷ് അസിജ വെളിപ്പെടുത്തി. എന്നാൽ ആരോഗ്യമന്ത്രി ജയ് പ്രതാപ് സിങ്ങ് ഇത് നിഷേധിച്ചു. ഫിറോസാബാദിലും കൂടുതൽ പേർക്ക് രോഗമുള്ള സുദാമ നഗറിലും ചില രോഗികളെ മുഖ്യമന്ത്രി ആദിത്യനാത് സന്ദർശിച്ചു.
സർക്കാർ ആശുപത്രികളിൽ കിടക്കകൾ നിറഞ്ഞു. ഡൽഹിയോട് ചേർന്ന നോയിഡയില്‍ അതീവജാഗ്രതാ മുന്നറിയിപ്പുനൽകി. ഡൽഹിയിലും വൈറൽ പനി വ്യാപകം. ആശുപത്രികളിൽ എത്തുന്ന രണ്ടില്‍ ഒരാൾക്ക് പനിയാണെന്ന് ഡോക്ടർമാർ പറഞ്ഞു. രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിലും വൈറൽ പനി പടരുന്നു.
കോവിഡ്: ആശങ്കയെന്ന് ഗെലോട്ട്
രാജ്യത്ത് കോവിഡ് വീണ്ടും വർധിക്കുന്നതിൽ ആശങ്ക രേഖപ്പെടുത്തി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. ഇന്ത്യയിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ കേസ് 55,000 ആയി. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 2.41 ശതമാനമായി വർധിച്ചു. അമേരിക്ക, ഇസ്രയേൽ, ബ്രിട്ടൻ, ഇറാൻ, മലേഷ്യ തുടങ്ങി വിദേശരാജ്യങ്ങളിലും കോവിഡ് വ്യാപനം രൂക്ഷമാകുകയാണ്. ജനങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും നിയന്ത്രണങ്ങൾ കൃത്യമായി പാലിക്കണമെന്നും അതുവഴി മൂന്നാം തരംഗം ഒഴിവാക്കാൻ ശ്രമിക്കണമെന്നും ഗെലോട്ട് ട്വീറ്റ് ചെയ്തു.