തിരുവനന്തപുരം
സംസ്ഥാനത്ത് രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവർ മുക്കാൽ കോടി പിന്നിട്ടു. തിങ്കളാഴ്ച രാത്രി ഏഴുവരെയുള്ള കണക്കനുസരിച്ച് 76,52,075 പേരാണ് രണ്ട് ഡോസ് വാക്സിനെടുത്തത്. 18 വയസ്സിന് മുകളിലുള്ളവരുടെ ആകെ ജനസംഖ്യയുടെ 26.58 ശതമാനമാണ് ഇത്. കേരളത്തേക്കാൾ ജനസംഖ്യയുള്ള തമിഴ്നാട്, തെലങ്കാന, ബിഹാർ സംസ്ഥാനങ്ങൾ പിന്നിലാണ്. തമിഴ്നാട്ടിൽ 63.77 ലക്ഷം പേരും തെലങ്കാനയിൽ 45 ലക്ഷം, ബിഹാറിൽ 59.20 ലക്ഷം പേരും മാത്രമാണ് രണ്ട് ഡോസും എടുത്തത്.
പത്തനംതിട്ട ജില്ലയിലാണ് രണ്ടാം ഡോസ് വിതരണം ദ്രുതഗതിയിൽ. 38 ശതമാനം പേർ രണ്ട് ഡോസും എടുത്തു. മറ്റു ജില്ലകളിലെ നിരക്ക് –- വയനാട് (34 ശതമാനം), കാസർകോട് (30), തിരുവനന്തപുരം (29), എറണാകുളം (28), കോട്ടയം (27), കണ്ണൂർ (26), ഇടുക്കി (26), ആലപ്പുഴ (26), തൃശൂർ (25), കോഴിക്കോട് (25), കൊല്ലം (24), പാലക്കാട് (20), മലപ്പുറം (20).
തിങ്കളാഴ്ച 4.66 ലക്ഷം ഡോസ് നൽകി
തിങ്കളാഴ്ച വിതരണം ചെയ്തത് 4,66,007 ഡോസ് വാക്സിൻ. സർക്കാർ, സ്വകാര്യ മേഖലകളിലുൾപ്പെടെ 1832 കേന്ദ്രം പ്രവർത്തിച്ചു. ആകെ 2,86,14,668 ഡോസ് വിതരണം ചെയ്തു. ഇതിൽ 2,09,62,593 പേർ ആദ്യ ഡോസാണ് എടുത്തത്.