തിരുവനന്തപുരം
സംസ്ഥാനത്ത് ഭിന്നശേഷി കുട്ടികളുള്ള നിർധന കുടുംബങ്ങൾക്ക് സൗജന്യ കുടിവെള്ള കണക്ഷൻ. സ്നേഹതീർഥം എന്ന പേരിലാണ് ജലവിഭവ വകുപ്പിന്റെ പദ്ധതി. ഈ കണക്ഷനുകൾക്ക് വെളളക്കരവും ഒഴിവാക്കും. ബുധനാഴ്ച പകൽ 11.30ന് തിരുവനന്തപുരം വെട്ടുകാട്ടെ സെറിബ്രൽ പാൾസി രോഗബാധിതനായ കുട്ടിയുടെ വീട്ടിൽ കണക്ഷൻ നൽകി മന്ത്രി റോഷി അഗസ്റ്റിൻ ‘സ്നേഹ തീർഥം’ ഉദ്ഘാടനം ചെയ്യും. ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷനാകും.
കേരളത്തിൽ ഭിന്നശേഷി കുട്ടികളുള്ള ആയിരത്തോളം കുടുംബങ്ങളുണ്ട്. 5000 മുതൽ 10000 രൂപ വരെ കണക്ഷന് വേണ്ടി വരും.ഇതൊഴിവാകുന്നത് ഈ കുടുംബങ്ങൾക്ക് വലിയ സഹായമാകും.
ആറ് മാസത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കും. നിലവിൽ കണക്ഷനുള്ള ഭിന്നശേഷിക്കാരായ കുട്ടികളുള്ള നിർധന കുടുംബത്തിന് ജലക്കരം ഒഴിവാക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.