ന്യൂഡൽഹി
ബിജെപി– ജെഡിയു ബന്ധത്തിൽ അവിശ്വാസം വളരുന്നു. ബിഹാർ മുഖ്യമന്ത്രി നിതീഷ്കുമാറിന് പ്രധാനമന്ത്രിയാകാന്‍ എല്ലാ ഗുണവുമുണ്ടെന്ന് അവകാശപ്പെട്ട് പ്രമേയം പാസാക്കി ജെഡിയു ദേശീയ കൗൺസിൽ. പെഗാസസ് ചാരവൃത്തിയില്‍ ജെഡിയു അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ജാതി സെൻസസ് വേണമെന്ന ആർജെഡി ആവശ്യം ഏറ്റെടുത്ത് ബിഹാറിൽനിന്നുള്ള സർവകക്ഷി സംഘത്തെ നയിച്ച് നിതീഷ്കുമാർ പ്രധാനമന്ത്രിയെ സന്ദര്‍ശിക്കുകയും ചെയ്തു. എന്‍ഡിഎയെ പ്രതിരോധത്തിലാക്കിയ ഈ നടപടിക്കു പിന്നാലെയാണ് അടുത്ത ചുവടുവയ്പ്.
നിതീഷ് പ്രധാനമന്ത്രിയാകണമെന്ന ആവശ്യം പലയിടത്തും ഉയരുന്നുണ്ടെന്നും ഇക്കാര്യം രേഖയാക്കാനാണ് പ്രമേയമെന്നും ജെഡിയു ജനറൽ സെക്രട്ടറിയും വക്താവുമായ കെ സി ത്യാഗി പറഞ്ഞു. വാജ്പേയി സർക്കാര്‍ കാലത്തെപ്പോലെ ദേശീയതലത്തിൽ എൻഡിഎയ്ക്ക് ഏകോപനസമിതി വേണമെന്നും ആവശ്യപ്പെട്ടു.
യുപി നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരവെ ബിജെപിയെ പ്രതിരോധത്തിലാക്കുന്ന വിഷയമാണ് ജാതി സെൻസസ്. അനുകൂലിച്ചാലും എതിർത്താലും കൈപൊള്ളും. രാമക്ഷേത്രത്തിന്റെ പേരിൽ യുപിയിൽ ബിജെപി നടത്തുന്ന പ്രചാരണത്തിന്റെ മുനയൊടിക്കുന്നതാകും ജാതി സെൻസസ് വിഷയം.
ജെഡിയു സമ്മർദത്തിലാക്കുന്നതിൽ ബിജെപി നേതാക്കൾ രോഷാകുലരാണെങ്കിലും പരസ്യപ്രതികരണം നടത്തിയിട്ടില്ല. ബിഹാറിൽ ഭരണം നഷ്ടപ്പെടുന്നത് ബിജെപിക്ക് താങ്ങാനാകില്ലെന്നതുതന്നെ കാരണം.