ന്യൂഡൽഹി
രണ്ടാഴ്ചയ്ക്കിടെ ഇറങ്ങിയ യുഎൻ രക്ഷാസമിതി പ്രസ്താവനകളിൽ താലിബാനോടുള്ള നിലപാട് വ്യത്യസ്തം. രക്ഷാസമിതി അധ്യക്ഷപദവി ഇന്ത്യ കയ്യാളവെ താലിബാനെ വെള്ളപൂശാന്‍ ശ്രമമെന്ന് ആക്ഷേപം. “താലിബാനോ മറ്റേതെങ്കിലും അഫ്ഗാൻ ഗ്രൂപ്പോ വ്യക്തിയോ അഫ്ഗാന് അതിർത്തി ഉപയോഗിച്ച് ഏതെങ്കിലും രാജ്യത്തെ ഭീഷണിപ്പെടുത്താനോ ആക്രമിക്കാനോ മുതിരുകയില്ലെന്ന് ഉറപ്പാക്കാൻ രക്ഷാസമിതി പ്രതിജ്ഞാബദ്ധ’മാണെന്ന് ആഗസ്ത് 16ന് രക്ഷാസമിതി പ്രസ്താവന ഇറക്കി.
എന്നാൽ, കാബൂളിലെ ചാവേർ ആക്രമണശേഷം 27ന് രക്ഷാസമിതി ഇറക്കിയ പ്രസ്താവനയിൽ കാര്യങ്ങൾ മാറി. “ഏതെങ്കിലും രാജ്യത്തെ ഭീഷണിപ്പെടുത്താനോ ആക്രമിക്കാനോ അഫ്ഗാന് അതിർത്തി ഉപയോഗപ്പെടുത്തുന്നതും ഏതെങ്കിലും രാജ്യത്തെ ഭീകരർക്ക് ഏതെങ്കിലും അഫ്ഗാന്ഗ്രൂപ്പിന്റെയോ വ്യക്തിയുടെയോ പിന്തുണ കിട്ടുന്നതും ഒഴിവാക്കാൻ രക്ഷാസമിതി പ്രതിജ്ഞാബദ്ധ’മാണെന്നാണ് പ്രസ്താവന. താലിബാൻ എന്ന വാക്ക് ഈ പ്രസ്താവനയിൽ ഇല്ല. രണ്ട് പ്രസ്താവനയും ഇറക്കിയത് യുഎന്നിൽ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായ ടി എസ് തിരുമൂർത്തി.
‘ടി’യിൽ തുടങ്ങുന്ന പദം വിട്ടുപോകാൻ ഇടയാകുംവിധം ദീർഘമാണ് രണ്ടാഴ്ചയെന്ന് യുഎന്നിലെ മുൻ ഇന്ത്യൻ പ്രതിനിധി സെയിദ് അക്ബറുദ്ദീൻ ട്വീറ്റില്‍ പരിഹസിച്ചു. ഇന്ത്യയില്‍ ജനക്കൂട്ട ആക്രമണങ്ങൾക്ക് പ്രോത്സാഹനം കിട്ടുമ്പോൾ ഇന്ത്യ അധ്യക്ഷപദവിയിലുള്ള രക്ഷാസമിതി താലിബാനെ അംഗീകരിക്കുകയാണെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു. ലജ്ജാകരവും വിനാശകരവുമാണ് മോഡിസർക്കാര്‍ നിലപാട്. ഗോഡ്സെയെ ആരാധിക്കുന്നവർ എന്തുംചെയ്യും–- യെച്ചൂരി ട്വീറ്റ് ചെയ്തു.