ന്യൂഡൽഹി
ഗോത്രവർഗ പ്രദേശമെന്ന നിലയിൽ ഭരണഘടനാപരമായ സംരക്ഷണവും സംസ്ഥാന പദവിയും ആവശ്യപ്പെട്ട് ലഡാക്കിൽ പ്രക്ഷോഭം ശക്തം. ഈ ആവശ്യമുന്നയിച്ച് കഴിഞ്ഞദിവസം ലേയിലും കാർഗിലിലും ആചരിച്ച ബന്ദ് പൂർണം. മുസ്ലിം ഭൂരിപക്ഷ മേഖലയാണ് കാര്‍ഗില്‍, ലേയില്‍ കൂടുതല്‍ ബുദ്ധമതക്കാർ. ഇരു മേഖലയ്ക്കും ഇടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ കേന്ദ്രം ശ്രമിക്കുന്നെന്ന് രണ്ടിടത്തെയും സംഘടനകൾ ചൂണ്ടിക്കാട്ടി. ലേയിലെ സാമൂഹ്യ, രാഷ്ട്രീയ സംഘടനകളുടെ പൊതുവേദിയായ എൽഎബിയും കാർഗിൽ ജനാധിപത്യ മുന്നണിയും ഐക്യത്തോടെയാണ് നീങ്ങുന്നത്.
രണ്ടിടത്തെയും നേതാക്കളെ കേന്ദ്രം വെവ്വേറെ ചർച്ചയ്ക്ക് വിളിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് ജമ്മു -കശ്മീർ മുൻ മന്ത്രിയും ലേയിലെ പ്രധാന നേതാവുമായ ചെറിങ് ദോർജെ പറഞ്ഞു. സംയുക്തപ്രസ്ഥാനത്തെ ദുർബലമാക്കാനുള്ള നീക്കം ബോധ്യമായതോടെയാണ് ബന്ദ് ആചരിച്ചതെന്ന് കാർഗിൽ ജനാധിപത്യ മുന്നണി അധ്യക്ഷനും മുൻ എംഎൽഎയുമായ അസ്ഗർ അലി കർബാലി പറഞ്ഞു.
ജമ്മു കശ്മീർ സംസ്ഥാനത്തിന്റെ ഭാഗമായിരുന്നപ്പോൾ ലഡാക്കിൽനിന്ന് നാല് എംഎൽഎമാരും രണ്ട് എംഎൽസിമാരും ഉണ്ടായിരുന്നു. ഇപ്പോൾ നിലവിലുള്ള പ്രാദേശിക വികസന കൗൺസിലുകൾക്ക് നിയമനിർമാണ അധികാരമില്ല. മുമ്പ് ലേയിലും കാർഗിലിലും കലക്ടർമാരായി ഓരോ ഐഎഎസുകാർ മാത്രം. ഇപ്പോള്‍ ലഡാക്കിൽ ഏഴ് ഐഎഎസുകാരും ഓരോ ഐആർഎസ്, ഐഐഎസ് ഉദ്യോഗസ്ഥരുമുണ്ട്.