ന്യൂഡൽഹി
വിദേശസൈന്യം രാജ്യംവിടാന്‍ ഒറ്റദിവസംമാത്രം ശേഷിക്കെ ഇനിയും അഫ്ഗാനില്‍ ശേഷിക്കുന്നത് ഏകദേശം 260 ഇന്ത്യക്കാർ. ഇവരെ തിരിച്ചെത്തിക്കാന്‍ ഇന്ത്യ റഷ്യന്‍ സഹായം തേടി. അഫ്ഗാൻ മുൻ പ്രസിഡന്റ് ഹമീദ് കർസായി, മുൻ വൈസ് പ്രസിഡന്റ് അബ്ദുള്ള അബ്ദുള്ള എന്നിവരുമായി ഇന്ത്യൻ അധികൃതർ ചർച്ച നടത്തി.റഷ്യ കാബൂൾ എംബസി പൂട്ടിയിട്ടില്ല. കർസായിയും അബ്ദുള്ളയും വീട്ടുതടങ്കലിലാണെങ്കിലും താലിബാനുമായി പല വിഷയത്തിലും ചർച്ച നടത്തുന്നവരാണ്. ഈ ബന്ധങ്ങൾ ഉപയോഗിച്ച് ഇന്ത്യക്കാര്‍ക്ക് സുരക്ഷിതപാത ഉറപ്പാക്കാനാണ് ശ്രമം. എന്നാൽ, കാബൂൾ നഗരത്തിൽ താലിബാനു പുറമെയുള്ള സായുധവിഭാഗങ്ങളും ഉണ്ട്.
മേഖലയിലെ പ്രധാന രാജ്യമാണ് ഇന്ത്യയെന്നും ഇന്ത്യക്കാരെ ഉപദ്രവിക്കില്ലെന്നും താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ് ‘ഇന്ത്യ ടുഡെ’യ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. താലിബാൻ പാകിസ്ഥാനോടൊപ്പം ചേർന്ന് ഇന്ത്യക്കെതിരായി മാറുന്നെന്ന റിപ്പോർട്ടുകളെക്കുറിച്ച് ചോദിച്ചപ്പോൾ ഒരു രാജ്യത്തെയും അപകടത്തിലാക്കാൻ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു മറുപടി.