തിരുവനന്തപുരം
നേതൃത്വത്തിനെതിരെ ഉമ്മൻചാണ്ടി രൂക്ഷവിമർശം തുടരുമ്പോഴും നടപടിയിലേക്ക് കടക്കാൻ ത്രാണിയില്ലാതെ ഹൈക്കമാൻഡ്. പുതിയ നേതൃത്വത്തിന് പൂർണ പിന്തുണയെന്നു പറയുന്നുണ്ടെങ്കിലും യഥാർഥത്തിൽ ഹൈക്കമാൻഡ് അമ്പരന്നുനിൽക്കുകയാണ്. ഉമ്മൻചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും കാരണംകാണിക്കൽ നോട്ടീസുപോലും നൽകാൻ കോൺഗ്രസ് നേതൃത്വം തയ്യാറായേക്കില്ല.
മുതിർന്ന നേതാക്കളുടെ പ്രതികരണത്തിൽ ഹൈക്കമാൻഡിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് കേരളത്തിലെ ചില നേതാക്കൾ പറയുന്നത്. കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി വിശദാംശം ചോദിച്ചെന്നാണ് പ്രചാരണം. ഹൈക്കമാൻഡ് നടപടിക്ക് ഒരുങ്ങുകയാണെന്ന പ്രചാരണം കൂടുതൽ പ്രതിഷേധം തണുപ്പിക്കാനുള്ള തന്ത്രമാണെന്നാണ് എ, ഐ ഗ്രൂപ്പുകാർ പറയുന്നത്.
കെ സുധാകരനെ തള്ളി തിങ്കളാഴ്ച ഉമ്മൻചാണ്ടി വീണ്ടും രംഗത്ത് വന്നതും ഉമ്മൻചാണ്ടിയെ സഹകരിപ്പിക്കാൻ അച്ചടക്കം ബലികഴിക്കില്ലെന്ന സുധാകരന്റെ മറുപടിയും പ്രതിസന്ധി മൂർച്ഛിക്കുന്നതിന് തെളിവാണ്. രമേശ് ചെന്നിത്തല തിങ്കളാഴ്ച തന്ത്രപരമായ മൗനം പാലിച്ചു. നേരത്തേ വാഗ്ദാനം ചെയ്തിട്ടുള്ള ദേശീയപദവി നഷ്ടമാകുമെന്ന ഭയമാണ് ചെന്നിത്തലയ്ക്ക്. എങ്കിലും ഉറ്റ അനുയായി ജോസഫ് വാഴയ്ക്കൻ നേതൃത്വത്തെ വിമർശിച്ച് മുന്നോട്ടുവന്നു. സുധാകരന്റെയും സതീശന്റെയും അഹങ്കാരവും ധാർഷ്ട്യവുമാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് വാഴയ്ക്കൻ പറഞ്ഞത്. ഉമ്മൻചാണ്ടിയും ചെന്നിത്തലയും അനിഷേധ്യ നേതാക്കളാണെന്നും അവരെ മാറ്റിനിർത്തി മുന്നോട്ടുപോകാൻ കഴിയില്ലെന്നും യുഡിഎഫ് കൺവീനർ എം എം ഹസ്സൻ വ്യക്തമാക്കി.
മറുകണ്ടം ചാടി ഗ്രൂപ്പുകാർ
നേതാക്കൾ പടവെട്ടുമ്പോൾ ഗ്രൂപ്പുകളിലെ മുൻ മാനേജർമാർ അടക്കമുള്ളവർ ‘യജമാനന്മാരെ’ തള്ളി മറുകണ്ടം ചാടുന്ന തിരക്കിലാണ്. എ ഗ്രൂപ്പിലെ മുൻനിരക്കാരൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ കെ സുധാകരനൊപ്പം ചേർന്നു. പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് പിന്തുണയ്ക്കാൻ ഉമ്മൻചാണ്ടി വിസമ്മതിച്ചതാണ് തിരുവഞ്ചൂരിന്റെ മാറ്റത്തിന് കാരണം. കോട്ടയത്ത് പാർടി വേദികളിൽ പ്രത്യക്ഷപ്പെട്ട് തുടങ്ങിയ മകന്റെ രാഷ്ട്രീയഭാവിയും തിരുവഞ്ചൂരിന്റെ മനസ്സിലുണ്ട്.
ഐ ഗ്രൂപ്പിലായിരുന്ന മുൻ കെപിസിസി വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരൻ നേതൃത്വത്തിന് പിന്തുണ അറിയിച്ചു. ഉമ്മൻചാണ്ടിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരായിരുന്ന ടി സിദ്ദിഖ്, പി ടി തോമസ് തുടങ്ങിയവരും എ ഗ്രൂപ്പിൽനിന്ന് അകന്നു. നിലനിൽപ്പിന് വഴിതേടുന്ന കൂടുതൽപേർ വരുംദിവസങ്ങളിൽ ഗ്രൂപ്പ് മാറി ചവിട്ടും.