ന്യൂഡൽഹി > ജനദ്രോഹ നയങ്ങൾ തുടരുന്ന കേന്ദ്ര ബിജെപി സർക്കാരിനെതിരെ പ്രതിപക്ഷ പാർടികൾ പൊരുതി നിൽക്കുമ്പോൾ കോൺഗ്രസ്മാത്രം ആഭ്യന്തര കലഹങ്ങളുടെ നീർച്ചുഴിയിൽ. ഭരണത്തിലുള്ള രാജസ്ഥാനിലും പഞ്ചാബിലും നേതാക്കളുടെ തമ്മിലടി മൂർഛിച്ചു.
മറ്റൊരു ഭരണ സംസ്ഥാനമായ ഛത്തീസ്ഗഢിലും അടി പൊട്ടി. ഭരണത്തിലില്ലാത്ത കർണാടക, ഗുജറാത്ത്, കേരളം, ഹരിയാന, അസം എന്നിവിടങ്ങളിലും വിഭാഗീയത രൂക്ഷം. കേന്ദ്ര നേതൃത്വത്തിലാകട്ടെ ജി–-23 എന്നറിയപ്പെടുന്ന വിമത കൂട്ടായ്മ നിശിത വിമർശം തുടരുന്നു.
കേന്ദ്ര നേതൃത്വത്തിന്റെ കരുത്തില്ലായ്മ തന്നെയാണ് കോൺഗ്രസിന് വിന. 2019ലെ ലോക്സഭാ തോൽവിക്കുശേഷം കോൺഗ്രസിന്റെ അധ്യക്ഷപദവി അനാഥമാണ്. രാഹുൽ ഗാന്ധിയുടെ രാജിയെ തുടർന്ന് ഇടക്കാല അധ്യക്ഷയായി ചുമതലയേറ്റ സോണിയ ഗാന്ധി താൽക്കാലിക പദവിയിൽ രണ്ടുവർഷം പിന്നിട്ടു.
ജി–-23 കൂട്ടായ്മ വിമർശവുമായി വന്നതോടെ പദവി ഒഴിയാൻ സന്നദ്ധയായെങ്കിലും കുടുംബഭക്തർ അനുവദിച്ചില്ല. 2018നുശേഷം എഐസിസി സമ്മേളനം ചേർന്നിട്ടില്ല. 2019ലെ തെരഞ്ഞെടുപ്പ് തോൽവിക്കുശേഷവും സംഘടനയിൽ ഒരു അഴിച്ചുപണിയുമില്ല. ദേശീയതലത്തിൽ കോൺഗ്രസ് എന്തെന്നറിയാത്ത വേണുഗോപാലിനെ പോലുള്ളവർ സംഘടനാ ജനറൽസെക്രട്ടറിയെന്ന ‘ഭാരിച്ച’ ഉത്തരവാദിത്തത്തിൽ കൂസലില്ലാതെ തുടരുന്നു. അടുത്തവർഷം തെരഞ്ഞെടുപ്പുള്ള പഞ്ചാബ് അടക്കം സംസ്ഥാനങ്ങളിൽ കടുത്ത പ്രതിസന്ധിയിലാണ് കോൺഗ്രസ്. രാജസ്ഥാനിലും ഛത്തീസ്ഗഢിലും സ്ഥിതി ഏറെക്കുറെ സമാനം.