തിരുവനന്തപുരം > നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത തോൽവി ഏറ്റുവാങ്ങിയ യുഡിഎഫിലെ പ്രശ്നങ്ങൾ ചർച്ചചെയ്തു തീർക്കുമെന്ന് പ്രതീക്ഷിച്ച പ്രവർത്തകർക്ക് തിരിച്ചടി. കോൺഗ്രസിൽ ചരിത്രത്തിലില്ലാത്തവിധം പൊട്ടിത്തെറി ഉണ്ടായതോടെ യുഡിഎഫിൽനിന്ന് വെടിയും പുകയും മാത്രമാണ് ഉയരുന്നത്. യുഡിഎഫിനെ വിമർശിച്ച് നേരെയാക്കാൻ നടന്ന ഘടകകക്ഷി നേതാക്കളും പണി മതിയാക്കേണ്ട അവസ്ഥയിലായി.
കടുത്ത ആഭ്യന്തര പ്രശ്നത്തില്‍ ഉഴലുന്ന മുസ്ലിംലീഗും കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പും കരകയറാൻ പെടാപാട് പെടുമ്പോഴാണ് കോൺഗ്രസ് ആഭ്യന്തര യുദ്ധത്തിന്റെ പടുകുഴിയിലേക്ക് വീണത്. സാധാരണ കോൺഗ്രസിൽ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ഇടപെട്ട് അനുനയിപ്പിക്കാൻ ലീഗ് നേതാക്കൾക്ക് കഴിഞ്ഞിരുന്നു. എന്നാലിപ്പോൾ ലീഗും കടുത്ത പ്രതിസന്ധിയിലാണ്. പുതിയ കെപിസിസി അധ്യക്ഷനോ പ്രതിപക്ഷ നേതാവോ ലീഗിനെ വകവയ്ക്കുന്നുമില്ല.
ലീഗിൽ പ്രധാന നേതാവ് കുഞ്ഞാലിക്കുട്ടിക്കെതിരെ ഒരു വിഭാഗം രംഗത്തുണ്ട്. പാണക്കാട് കുടുംബത്തിൽനിന്നടക്കം കുഞ്ഞാലിക്കുട്ടിയെ തള്ളിപ്പറയാൻ ആളുണ്ടായി. എംഎസ്എഫ് നേതാക്കൾക്കെതിരെ പീഡന പരാതിയുമായി ‘ഹരിത’ സംഘടനയിലെ യുവതികൾ രംഗത്തുവന്നു.
തങ്ങളാണ് ശക്തരെന്ന് വാദിച്ച ജോസഫ് ഗ്രൂപ്പ് പഴയ ശക്തികേന്ദ്രങ്ങളിൽപ്പോലും തകർന്നടിയുന്ന കാഴ്ചയായിരുന്നു തെരഞ്ഞെടുപ്പിൽ. അണികൾ ചോർന്നതറിയാത്ത ജോസഫ് ഗ്രൂപ്പിൽനിന്ന് പലനേതാക്കളും പുറത്ത് ചാടാനൊരുങ്ങുകയാണ്.
പ്രധാന ഘടകകക്ഷികൾ പാർടിയിലെ പ്രശ്നങ്ങളിൽ പുകയവെയാണ് കെപിസിസി സമിതിയുടെ പുതിയ റിപ്പോർട്ട് വന്നത്. തെരഞ്ഞെടുപ്പ് തോൽവിക്ക് പ്രധാന കാരണം കുഞ്ഞാലിക്കുട്ടിയും പി ജെ ജോസഫുമാണെന്ന് സമിതി വിലയിരുത്തി. ഇതോടെ ഘടകകക്ഷികളെ അനുനയിപ്പിക്കേണ്ട ഭാരവും കോൺഗ്രസ് നേതൃത്വത്തിനായി. അപ്പോഴാണ് കോൺഗ്രസ് കടുത്ത ആഭ്യന്തര പ്രശ്നത്തിൽപ്പെട്ടത്.
കോൺഗ്രസ് ഈ പോക്കാണ് പോകുന്നതെങ്കിൽ യുഡിഎഫ് ഒരിക്കലും രക്ഷപ്പെടില്ലെന്ന് നിരന്തരമായി ഓർമിപ്പിച്ചുകൊണ്ടിരിക്കുന്നു മറ്റൊരു ഘടകകക്ഷി നേതാവാണ് ഷിബു ബേബിജോൺ.
ചാനല്‍ ചര്‍ച്ചയ്ക്ക് വിലക്ക്
തിരുവനന്തപുരം > കോൺഗ്രസിലെ കലാപത്തെകുറിച്ചുള്ള ചാനൽ ചർച്ചകളിൽ കോൺഗ്രസ് നേതാക്കൾക്ക് കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ വിലക്ക്. ഞായറാഴ്ച രാവിലെ മുതൽ ചാനലുകളിലെ പ്രധാനവാർത്തയും ചർച്ചയും കോൺഗ്രസിലെ പൊട്ടിത്തെറിയാണ്. വൈകിട്ടത്തെ ചർച്ചയ്ക്ക് നേതാക്കളെ തേടിയപ്പോഴാണ് വിലക്ക് പുറത്തറിഞ്ഞത്. ശനിയാഴ്ച രാത്രി ചാനൽ ചർച്ചയിൽ ഡിസിസി പട്ടികയ്ക്കെതിരെ പ്രതികരിച്ചതിന് കെ പി അനിൽകുമാറിനെയും കെ ശിവദാസൻനായരെയും സസ്പെൻഡ് ചെയ്തിരുന്നു.
മിണ്ടാതെ ആന്റണി
ന്യൂഡൽഹി > കേരളത്തിലെ കോൺഗ്രസ് തമ്മിലടിക്കുമ്പോൾ മുതിർന്ന നേതാവ് എ കെ ആന്റണി മൗനത്തിൽ. ഡിസിസി പ്രസിഡന്റുമാരെ നിശ്ചയിച്ചതിനെ തുടർന്നുണ്ടായ അത്യപൂർവ പ്രതിസന്ധി പരിഹരിക്കാൻ ഇടപെടില്ലെന്നാണ് നിലപാട്.
ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ആന്റണിയെ പരിഭവവും പരാതികളും അറിയിച്ചിരുന്നു. എന്നാൽ, ചർച്ചകൾ ദിവസങ്ങൾ നീണ്ടിട്ടും നിലവിലെ ‘അധികാരചേരി’ ആന്റണിയോട് ഒന്നും സംസാരിച്ചില്ല.
എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ കേരളത്തിലെ കോൺഗ്രസ് കാര്യങ്ങളിൽ അവസാനവാക്കായി മാറിയതുമുതൽ നിശ്ശബ്ദനാണ് ആന്റണി. സോണിയ ഗാന്ധി ചോദിച്ചാൽ എന്തെങ്കിലും അഭിപ്രായം പറയുമെന്നുമാത്രം. കെ സുധാകരനെ കെപിസിസി പ്രസിഡന്റായും വി ഡി സതീശനെ പ്രതിപക്ഷനേതാവായും തീരുമാനിച്ചതും ആന്റണിയോട് ആലോചിച്ചല്ല. തീരുമാനം എടുത്തശേഷമാണ് അറിയിച്ചത്. ‘തീരുമാനം നിങ്ങൾ ഉമ്മൻചാണ്ടിയെയും രമേശിനെയും ബോധ്യപ്പെടുത്തണം’ എന്നാണ് അന്ന് ആന്റണി പ്രതികരിച്ചത്.