തിരുവനന്തപുരം > ഡിസിസി അധ്യക്ഷരുടെ പട്ടിക പുറത്തുവന്നതോടെയുണ്ടായ പൊട്ടിത്തെറി കോൺഗ്രസിൽ കലാപമായി. പുതിയ നേതൃത്വത്തെ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും തള്ളി. എന്നാൽ, വിട്ടുവീഴ്ചയ്ക്കില്ലെന്നും ഇനി പുതിയ നേതൃത്വ ചേരി കാര്യങ്ങൾ തീരുമാനിക്കുമെന്നും കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും വ്യക്തമാക്കി.
ചരിത്രത്തിലില്ലാത്തവിധം അസാധാരണ സംഭവങ്ങളാണ് കോൺഗ്രസിൽ. ഉമ്മൻചാണ്ടിയുടെയും ചെന്നിത്തലയുടെയും തുടർനീക്കം നിർണായകമാകും. നിസ്സഹകരണവും കെപിസിസിതലം വരെയുള്ള പുനഃസംഘടനയുമാകും അടുത്ത ആയുധം.
ചർച്ച ചെയ്യാമെന്ന് പറഞ്ഞ് കെ സുധാകരൻ ചതിച്ചെന്നാണ് ഉമ്മൻചാണ്ടി തുറന്നടിച്ചത്. ഹൈക്കമാൻഡിനെ അതൃപ്തി അറിയിച്ചു. ഉമ്മൻചാണ്ടി കള്ളം പറയുകയാണെന്ന് സുധാകരൻ തിരിച്ചടിച്ചു. സ്ഥാനത്തെത്തിയപ്പോൾ ഗ്രൂപ്പില്ലെന്ന് പറയുന്നത് ശരിയല്ലെന്ന് ചെന്നിത്തല പ്രതികരിച്ചു. ഗ്രൂപ്പ് നേതാക്കളുടെ പട്ടിക അംഗീകരിക്കാനാണെങ്കിൽ തങ്ങളെന്തിനെന്ന് വി ഡി സതീശൻ ചോദിച്ചു. കോട്ടയത്തും ആലപ്പുഴയിലും അവസാന നിമിഷം പട്ടിക മാറിയെങ്കിലും ഗ്രൂപ്പ് നേതാക്കൾ തൃപ്തരല്ല.
ശനിയാഴ്ച രാത്രി ഡിസിസി അധ്യക്ഷന്മാരുടെ പട്ടിക പുറത്തുവന്നതോടെയാണ് പ്രതിഷേധം അണപൊട്ടിയത്. കെ പി അനിൽകുമാറും ശിവദാസൻനായരും ആദ്യവെടി പൊട്ടിച്ചു. സസ്പെൻഷൻ വകവയ്ക്കാതെ ഇവർ ഞായറാഴ്ചയും രംഗത്തെത്തി. പുതിയ നേതൃത്വം ചതിച്ചുവെന്നാണ് പൊതുവികാരം.
പൊതുവിൽ പരസ്യ പ്രതികരണത്തിന് മുതിരാത്ത ഉമ്മൻചാണ്ടി പൊട്ടിത്തെറിച്ചതോടെയാണ് പ്രതീക്ഷിച്ചതിനേക്കാൾ ഗൗരവമാണ് വിഷയമെന്ന് മറുപക്ഷം മനസ്സിലാക്കിയത്. കരുതിക്കൂട്ടിയായിരുന്നു അവരുടേയും നീക്കം. ആദ്യം കെ മുരളീധരനെ രംഗത്തിറക്കി പട്ടികയെ ന്യായീകരിച്ചു. ഉമ്മൻചാണ്ടിക്ക് പാർടിയുണ്ടാക്കി പോകാമെന്ന് ഉണ്ണിത്താൻ പറഞ്ഞു. പരസ്യമായി പ്രതികരിക്കരുതെന്ന് തിരുവഞ്ചൂർ പറഞ്ഞു. പി ടി തോമസും രംഗത്തെത്തി.
കോൺഗ്രസിൽ രൂപപ്പെട്ട പുതിയ ചേരിയുടെ സൂചനകൂടിയായി പ്രതികരണങ്ങൾ.
കെ സി ജോസഫ്, കെ ബാബു, ബെന്നിബെഹ്നാൻ തുടങ്ങിയവർ ഉമ്മൻചാണ്ടിക്കായി രംഗത്തെത്തി. കോൺഗ്രസിനെ ദീർഘകാലമായി നയിക്കുന്ന നേതാക്കൾ അവഹേളിക്കപ്പെട്ടു എന്ന വികാരമാണ് പൊതുവിൽ. എത്ര വലിയ നേതാവാണെങ്കിലും വകവയ്ക്കില്ലെന്ന നിലപാടാണ് സുധാകരന്റേത്.