ന്യൂഡൽഹി > പഞ്ചാബ് കോൺഗ്രസിൽ മുഖ്യമന്ത്രി അമരീന്ദർ സിങ്–- പിസിസി പ്രസിഡന്റ് നവ്ജ്യോത്സിങ് സിദ്ദു വിഭാഗങ്ങളുടെ തമ്മിലടി രൂക്ഷമായി തുടരവെ സംസ്ഥാന ചുമതലയുള്ള ജനറൽ സെക്രട്ടറി ഹരീഷ് റാവത്ത് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ഡമ്മി പ്രസിഡന്റായി തുടരാനില്ലെന്നും സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കണമെന്നും സിദ്ദു ഭീഷണിപ്പെടുത്തിയ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച.
അടുത്ത വർഷം ആദ്യം നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന പഞ്ചാബിലെ ചേരിപ്പോര് കോൺഗ്രസ് ഹൈക്കമാൻഡിന് ഇനിയും പരിഹരിക്കാനായിട്ടില്ല. തുടക്കമെന്ന നിലയിൽ സിദ്ദുവിനെ കഴിഞ്ഞ മാസം പിസിസി അധ്യക്ഷനായി നിയമിച്ചിട്ടും ഗ്രൂപ്പുപോര് അവസാനിച്ചില്ലെന്നു മാത്രമല്ല, രൂക്ഷമായി. നിയമസഭാ തെരഞ്ഞെടുപ്പിൽ അമരീന്ദറിനെ മാറ്റിനിർത്തി നേരിടണമെന്നാണ് സിദ്ദു വിഭാഗം മുന്നോട്ടുവയ്ക്കുന്ന ആവശ്യം. ഹൈക്കമാൻഡിന് ഇതിനോട് യോജിപ്പില്ല.
കശ്മീർ വിഷയത്തിൽ സിദ്ദുവിന്റെ ഉപദേശകൻ മൽവീന്ദർ സിങ് മാലിയുടെ പരാമർശങ്ങൾ വിവാദമായതോടെ മുഖ്യമന്ത്രി അമരീന്ദർ ആഞ്ഞടിച്ചു. ഇതിൽ ഹൈക്കമാൻഡ് ഇടപെട്ട് മാലിയെ രാജിവയ്പിച്ചതോടെ സിദ്ദു ക്യാമ്പ് അസ്വസ്ഥമാണ്. സിദ്ദു അനുകൂലികളായ മന്ത്രിമാരും എംഎൽഎമാരും പ്രത്യേക യോഗം ചേർന്ന് അമരീന്ദറിൽ വിശ്വാസം നഷ്ടമായെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. വിമത നേതാക്കൾ ഡെറാഡൂണിലെത്തി റാവത്തിനെ കണ്ട് അമരീന്ദറിനെ പുറത്താക്കാനും ആവശ്യപ്പെട്ടു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കാണാനും വിമത നേതാക്കൾ ശ്രമിക്കുന്നുണ്ട്.
ഈ പശ്ചാത്തലത്തിലാണ് റാവത്ത് രാഹുലിനെ കാര്യങ്ങൾ ധരിപ്പിച്ചത്. കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ റാവത്ത് പുറത്തുവിട്ടില്ല. പഞ്ചാബിലെ സാഹചര്യങ്ങൾ രാഹുലിനോട് പറഞ്ഞതായിമാത്രം റാവത്ത് പ്രതികരിച്ചു.