മംഗളൂരു> മൈസൂരുവിൽ എംബിഎ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ അഞ്ച് തമിഴ്നാട്ടുകാർ അറസ്റ്റിൽ. തിരുപ്പുർ സൂസയപുരം സ്വദേശികളായ ഭൂപതി, പഴനി സ്വാമി, ധർമ, പ്രകാശ്(അവിനാശ്) പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരാണ് തമിഴ്നാട്ടിൽനിന്ന് പിടിയിലായത്. ഒളിവിലുള്ള ജോസഫ് ഉടൻ പിടിയിലാകുമെന്ന് പൊലീസ് അറിയിച്ചു. പെൺകുട്ടിയുടെ മൊഴിയെടുക്കാനായിട്ടില്ല. ശാസ്ത്രീയ- തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയതെന്ന് കർണാടക ഡിജിപി പ്രവീൺ സൂദ് പറഞ്ഞു.
മൈസൂരുവിൽ പഴക്കച്ചവടം, പെയിന്റിങ്, ഇലക്ട്രിക്കൽ, ഡ്രൈവിങ് തുടങ്ങിയ ജോലികളിൽ ഏർപ്പെട്ടിരുന്ന പ്രതികളിൽ കൊലപാതകം ,മോഷണം തുടങ്ങിയ കേസുകളിൽപ്പെട്ടവരുമുണ്ട്. കാമുകിയുടെ പിതാവിനെ കൊന്ന കേസിൽ പ്രതിയാണ് ഭൂപതി. വാഹനങ്ങൾ തടഞ്ഞ് ഭീഷണിപ്പെടുത്തുന്നതും ഇവരുടെ പതിവാണ്. ചൊവ്വാഴ്ച രാത്രി 7.30ഓടെയാണ് ചാമുണ്ഡി കുന്നിന്റെ താഴ്വരയിലെ ലളിതാദ്രിപുരത്ത് മഹാരാഷ്ട്രക്കാരിയായ 22കാരിയെ പ്രതികൾ ബലാത്സംഗം ചെയ്തത്. പെൺകുട്ടിയുടെ കൂടെയുണ്ടായിരുന്ന യുവാവിനെ ഭീഷണിപ്പെടുത്തിയും മർദിച്ചും പ്രതികൾ മൂന്നു ലക്ഷം രൂപയും ആവശ്യപ്പെട്ടിരുന്നു.
പെൺകുട്ടിയും സുഹൃത്തും ആശുപത്രി വിട്ടു. പെൺകുട്ടിയെ ഹെലികോപ്ടറിൽ നാട്ടിലേക്ക്കൊണ്ടുപോയതായാണ് വിവരം. മൊഴി നൽകാനുള്ള മാനസികാവസ്ഥയില്ലെന്നും പിന്നീട് കേസുമായി സഹകരിക്കുമെന്നും പെൺകുട്ടിയുടെ മാതാപിതാക്കൾ പൊലീസിനെ അറിയിച്ചു. പ്രതികളിൽ മലയാളികൾ ഉൾപ്പെടുന്നതായി റിപ്പോർട്ട് ഉണ്ടായിരുന്നെങ്കിലും ഇല്ലെന്നാണ് പുതിയ വിവരം.