തിരുവനന്തപുരം> കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്ധനവില വർധനയ്ക്കും രൂക്ഷമായ തൊഴിലില്ലായ്മയ്ക്കും വാക്സിൻ വിതരണത്തിലെ അനാസ്ഥയ്ക്കുമെതിരെ ആറുമുതൽ 10 വരെ ബ്ലോക്ക് കേന്ദ്രത്തിൽ റിലേ സത്യഗ്രഹം സംഘടിപ്പിക്കും. കേന്ദ്ര സർക്കാർ ഓഫീസുകൾക്കു മുന്നിൽ പകൽ 10 മുതൽ നാലുവരെയാണ് സത്യഗ്രഹം. 10ന് വൈകിട്ട് നാലിന് 10 മിനിറ്റ് ചക്രസ്തംഭന സമരത്തോടെ സത്യഗ്രഹം സമാപിക്കും.
സംസ്ഥാന റിലേ സത്യഗ്രഹം രാജ്ഭവനുമുന്നിൽ ആറിന് രാവിലെ 10ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം 10ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ ഉദ്ഘാടനം ചെയ്യും.
ഒമ്പതിന് ചക്രസ്തംഭന സമരത്തിന്റെ പ്രചാരണാർഥം ബ്ലോക്ക് കേന്ദ്രങ്ങളിൽ പ്രക്ഷോഭ ജാഥ സംഘടിപ്പിക്കും. റിലേ സത്യഗ്രഹത്തിന്റെ സന്ദേശമായി ഒരാഴ്ച വിപുലമായ പ്രവർത്തനങ്ങൾ ഏറ്റെടുക്കും. തിങ്കളാഴ്ചവരെ ഗൃഹസന്ദർശനം നടത്തും. പ്രധാനമന്ത്രിക്ക് നിവേദനം നൽകുന്നതിനായി ഒന്നിന് പെട്രോൾ പമ്പുകൾക്കു മുന്നിൽ ഒപ്പ് ശേഖരിക്കും. ഒന്നുമുതൽ അഞ്ചുവരെ മേഖലാ കേന്ദ്രങ്ങളിൽ സൈക്കിൾ റാലി സംഘടിപ്പിക്കും.
387 കേന്ദ്രത്തിൽ ‘ഫ്രീഡം ഫയർ’
മലബാർ കലാപത്തിന്റെ പേരിൽ വിവാദം ഉയർത്തുന്ന സംഘപരിവാറിനെ തുറന്നുകാട്ടി ക്യാമ്പയിൻ സംഘടിപ്പിക്കും. മലബാർ കലാപത്തിന്റെ നൂറാം വാർഷികമായതിനാൽ 100 സെമിനാർ സംഘടിപ്പിക്കും. 387 പേരെ രക്തസാക്ഷികളുടെ പട്ടികയിൽനിന്ന് ഒഴിവാക്കുന്നതിനെതിരെ ‘പൊരുതി വീണവരുടേതാണ് ചരിത്രം; മാപ്പിരന്നവരുടേതല്ല’ എന്ന മുദ്രാവാക്യമുയർത്തി 31ന് മലപ്പുറം ജില്ലയിലെ 387 കേന്ദ്രത്തിൽ ‘ഫ്രീഡം ഫയർ’ സംഘടിപ്പിക്കുമെന്നും എ എ റഹീം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് എസ് സതീഷ്, കേന്ദ്ര കമ്മിറ്റി അംഗം വി കെ സനോജ്, ജില്ലാ സെക്രട്ടറി കെ പി പ്രമോഷ് എന്നിവരും പങ്കെടുത്തു.