ന്യൂഡൽഹി
ഭരണത്തിലുള്ള മൂന്ന് സംസ്ഥാനത്തും കോണ്ഗ്രസ് പിളര്പ്പിന്റെ വക്കിലെത്തിയിട്ടും ചെറുവിരല് പോലും അനക്കാനാകാതെ ‘ഹൈക്കമാൻഡ്’. പഞ്ചാബിലും ഛത്തീസ്ഗഢിലും രാജസ്ഥാനിലും പരസ്യമായി ചേരിതിരിഞ്ഞ് ചെളിവാരിയെറിയുന്ന നേതാക്കളെ ശാസിക്കാൻപോലുമാകാത്തവിധം ദേശീയനേതൃത്വം ദുര്ബലം.
ഭരണമില്ലാത്ത അസം, കേരളം, മധ്യപ്രദേശ്, ബിഹാർ എന്നിവിടങ്ങളിലും തമ്മിലടി രൂക്ഷം.പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങിനെ നാലരവർഷം പരസ്യമായി ആക്ഷേപിച്ച നവ്ജോത്സിങ് സിദ്ദുവിനെ പിസിസി അധ്യക്ഷനാക്കിയ കോൺഗ്രസ് നേതൃത്വം പുലിവാൽ പിടിച്ചു. സിദ്ദു ഇപ്പോൾ ഹൈക്കമാൻഡിനെ വെല്ലുവിളിക്കാൻ തുടങ്ങി.
ഛത്തീസ്ഗഢിൽ മുഖ്യമന്ത്രി ഭൂപേഷ് ബഘേലിനും പാളയത്തിൽ പടയുണ്ട്. അധികാരം രണ്ടരവർഷം വീതം പങ്കിടാൻ ധാരണയുണ്ടായിരുന്നെന്ന് ആരോഗ്യമന്ത്രി ടി എസ് സിങ്ദേവ് പറയുന്നു. രാജസ്ഥാനിൽ മന്ത്രിസഭ പുനഃസംഘടന ആവശ്യപ്പെട്ട് സച്ചിൻപൈലറ്റ് പക്ഷം സമ്മർദവും പ്രതിഷേധവും തുടരുകയാണ്