തിരുവനന്തപുരം
സർക്കാർ സേവനം വീട്ടിൽ എത്തിക്കാനുളള വാതിൽപ്പടി സേവനം പദ്ധതി നടപ്പാക്കുന്നത് ജനകീയ പിന്തുണയിൽ. ഇതിനായി വാർഡ് തല സമിതി രൂപീകരിക്കാൻ സർക്കാർ നിർദേശം നൽകി. ജനമൈത്രി പൊലീസും സമിതിയിലുണ്ടാകും. സമിതി അംഗങ്ങളുടെ പേര്, ഫോൺ നമ്പർ എന്നിവ ഗുണഭോക്താവിന് ലഭ്യമാക്കും. ഗുണഭോക്താക്കൾക്കും ജനങ്ങൾക്കും ബന്ധപ്പെടാനുള്ള കേന്ദ്രമായി ആശാവർക്കറെ നിയോഗിക്കും. ഈ സമിതികളെ ചലിപ്പിക്കാൻ തദ്ദേശഭരണ സ്ഥാപനതലത്തിലും ജില്ലാ, സംസ്ഥാന തലത്തിലും സമിതി രൂപീകരിക്കും. ഇത് സംബന്ധിച്ച വിശദമായ മാർഗരേഖ തദ്ദേശഭരണ വകുപ്പ് പുറത്തിറക്കി.
കൗൺസിലറോ വാർഡ് അംഗമോ അധ്യക്ഷനായാണ് വാർഡ്തല സമിതി. മേയർ/ചെയർപേഴ്സൺ/പഞ്ചായത്ത് പ്രസിഡന്റ്/ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എന്നിവരാകും തദ്ദേശ സമിതിയുടെ അധ്യക്ഷ. ഭരണസമിതി അധ്യക്ഷനെ തീരുമാനിക്കും. ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ -ഉപാധ്യക്ഷനും സെക്രട്ടറി കൺവീനറുമാകും.
വീട്ടിലെത്തും സേവനം
പ്രായാധിക്യം, ഗുരുതരരോഗം, അതിദാരിദ്ര്യം തുടങ്ങിയവയാൽ അവശത അനുഭവിക്കുന്നവർക്ക് അടിസ്ഥാന സർക്കാർ സേവനം ലഭ്യമാക്കും. മസ്റ്ററിങ്, ലൈഫ് സർട്ടിഫിക്കറ്റ്, സാമൂഹ്യസുരക്ഷാ പെൻഷൻ അപേക്ഷ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള അപേക്ഷ, ജീവൻരക്ഷാ മരുന്ന് എന്നിവ ആദ്യഘട്ടം ലഭ്യമാക്കും.