ടൂറിൻ
പന്ത്രണ്ടുവർഷത്തിനുശേഷം ഓൾഡ് ട്രാഫോർഡിന്റെ രാജകുമാരൻ തിരികെയെത്തി. യുവന്റസ് വിട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണെെറ്റഡിൽ.2003 മുതൽ 2009 വരെ യുണെെറ്റഡ് മുന്നേറ്റനിരയുടെ കരുത്തായിരുന്നു പോർച്ചുഗീസുകാരൻ. യുണെെറ്റഡിന്റെ വിഖ്യാത പരിശീലകൻ അലെക്സ് ഫെർഗൂസണിന്റെ ഇടപെടലാണ് റൊണാൾഡോയെ തിരികെവരാൻ പ്രേരിപ്പിച്ചതെന്നാണ് സൂചന. രണ്ടുവർഷത്തേക്കാകും കരാർ. 242 കോടി രൂപയാണ് വാഗ്ദാനം. കെെമാറ്റത്തുകയായി യുവന്റസിന് 202 കോടിയോളം രൂപയും നൽകണം.
മാഞ്ചസ്റ്റർ സിറ്റിയും ഈ മുപ്പത്താറുകാരനായി രംഗത്തുണ്ടായെങ്കിലും അവസാനനിമിഷം പിൻമാറി. യുവന്റസിൽ തുടരാൻ ആഗ്രഹമില്ലെന്ന് പരിശീലകൻ മാസിമില്ലിയാനോ അല്ലെഗ്രിയോട് വ്യക്തമാക്കിയ റൊണാൾഡോ ടൂറിനിൽനിന്ന് നാട്ടിലേക്ക് പറന്നു. യുവന്റസിലെ സഹതാരങ്ങളോട് യാത്രപറഞ്ഞാണ് മടക്കം. ഏജന്റ് ഹൊർജെ മെൻഡിസും പോർച്ചുഗീസുകാരന് ഒപ്പമുണ്ട്.
കഴിഞ്ഞദിവസമാണ് റൊണാൾഡോ യുവന്റസ് വിടുമെന്ന അഭ്യൂഹമുയർന്നത്. പരിശീലകൻ അല്ലെഗ്രി ഇത് ഉറപ്പിച്ചു. ‘ഇനി ഇവിടെ കളിക്കാനില്ലെന്ന് റൊണാൾഡോ പറഞ്ഞു. മികച്ച കളിക്കാരനാണ് അയാൾ. എല്ലാവർക്കും മാതൃക. പക്ഷേ യുവന്റസ് ഒരാളല്ല. ഈ ടീം മുന്നോട്ടുപോകും’–അല്ലെഗ്രി പറഞ്ഞു. 2018ൽ റയൽ മാഡ്രിഡിൽനിന്ന് യുവന്റസിലെത്തിയ റൊണാൾഡോ, ഇറ്റലിക്കാർക്കായി 134 കളിയിൽ 101 ഗോളടിച്ചു. റൊണാൾഡോയ്ക്കായി സിറ്റി ആദ്യം രംഗത്തെത്തിയെങ്കിലും യുണെെറ്റഡ് ചുവടുറപ്പിച്ചതോടെ പിൻവലിഞ്ഞു. ഫെർഗൂസൺ റൊണാൾഡോയുമായി നേരിട്ട് സംസാരിച്ചതായാണ് വിവരം.
18–ാംവയസ്സിൽ പോർച്ചുഗൽ ക്ലബ് സ്–പോർടിങ് ലിസ്ബണിൽനിന്ന് യുണെെറ്റഡിലെത്തിയതോടെയാണ് റൊണാൾഡോ ലോകഫുട്ബോളിന്റെ അധിപനായത്. ഫെർഗൂസണുകീഴിലായിരുന്നു ആ കുതിപ്പ്. യുണെെറ്റഡിനായി 292 കളിയിൽനിന്ന് 118 ഗോളടിച്ചു. റയലിലും പിന്നീട് യുവന്റസിൽ എത്തിയപ്പോഴുമെല്ലാം യുണെെറ്റഡിനോടുള്ള സ്–നേഹം റൊണാൾഡോ പരസ്യമായി പ്രകടിപ്പിച്ചിരുന്നു. അഞ്ചുവട്ടം ലോകഫുട്ബോളറായ റൊണാൾഡോ എത്തുന്നതോടെ ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ മുഖം മാറും.
യുവന്റസ് വിട്ടാൽ ‘ഞങ്ങളിവിടെയുണ്ടെന്ന് റൊണാൾഡോയ്ക്കറിയാം’ എന്നായിരുന്നു യുണെെറ്റഡ് കോച്ച് ഗുണ്ണാർ സോൾചെയറിന്റെ പ്രതികരണം.