ന്യൂഡൽഹി
ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുകയും നിയമസഭ ഇല്ലാത്ത രണ്ട് കേന്ദ്ര ഭരണപ്രദേശത്തായി വിഭജിക്കുകയും ചെയ്ത കേന്ദ്ര നടപടിക്കെതിരായ റിട്ട് ഹർജികൾ വേഗം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം മുഹമദ് യൂസഫ് തരിഗാമി സുപ്രീംകോടതിയെ സമീപിച്ചു. വിഷയത്തില് 23 ഹർജി കോടതിയുടെ പരിഗണനയിലിരിക്കെ കേന്ദ്രം പല തീരുമാനവും നടപ്പാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി.
ചീഫ്ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിലാണ് ഹർജികൾ. ഏഴംഗ ബെഞ്ച് വേണ്ടെന്ന് 2020 മാർച്ചിൽ കോടതി തീരുമാനിച്ചതിനുശേഷം ഹർജികൾ പരിഗണിച്ചിട്ടില്ല. കേശവാനന്ദഭാരതി കേസിലെ സുപ്രീംകോടതി ഉത്തരവുപ്രകാരം അടിസ്ഥാനഘടനയ്ക്ക് വിരുദ്ധമായ ഭേദഗതികൾക്ക് പാർലമെന്റിന് അധികാരമില്ല. ജമ്മുകശ്മീർ കോൺസ്റ്റിറ്റ്യൂന്റ് അസംബ്ലിക്ക് മാത്രമേ പ്രത്യേക പദവി എടുത്തുകളയാൻ ശുപാർശ ചെയ്യാനാകു. ഈ വ്യവസ്ഥ മറികടന്നാണ് കേന്ദ്ര നടപടി. ജമ്മു-കശ്മീരില് സ്ഥിരമായി താമസിക്കാത്തവര്ക്കും ഭൂമി വാങ്ങാൻ അനുമതി നൽകി. വനിതാ കമീഷൻ, മനുഷ്യാവകാശ കമീഷൻ തുടങ്ങിയവ ഇല്ലാതാക്കി. മണ്ഡല പുനർനിർണയ കമീഷന് രൂപം നൽകി. ഈ സാഹചര്യത്തിലാണ് അഭിഭാഷകനായ പി വി ദിനേശ് മുഖാന്തരം തരിഗാമി ഹർജി സമർപ്പിച്ചത്.