ന്യൂഡൽഹി
കേന്ദ്ര സർക്കാരിനെതിരായ പ്രക്ഷോഭം രാജ്യത്തിന്റെ ഓരോ മുക്കും മൂലയിലേക്കും വ്യാപിപ്പിക്കാൻ സിൻഘു അതിർത്തിയിൽ ചേർന്ന രണ്ടു ദിവസത്തെ ദേശീയ കൺവൻഷൻ തീരുമാനിച്ചു.
രാജ്യത്തിന്റെ സമസ്ത സ്വത്തുക്കളും പ്രകൃതിവിഭവങ്ങളും കോർപറേറ്റ് കൊള്ളയ്ക്കായി വച്ചുനീട്ടുന്ന മോദി സർക്കാരിന്റെ തീവ്ര വലതുസാമ്പത്തികനയത്തിനെതിരായ പ്രക്ഷോഭംകൂടിയായി കർഷകസമരത്തെ വിപുലമാക്കും. സംസ്ഥാന–- ജില്ലാ തലങ്ങളിൽ സംയുക്ത കിസാൻമോർച്ച ഘടകം രൂപീകരിക്കും. സെപ്തംബർ 25ന്റെ ഭാരത് ബന്ദും യുപിയിലെ മുസഫർനഗറിൽ സെപ്തംബർ അഞ്ചിനു ചേരുന്ന കർഷക മഹാപഞ്ചായത്തും വൻവിജയമാക്കും–-കൺവൻഷൻ പ്രഖ്യാപിച്ചു. ഒമ്പതു മാസം പിന്നിട്ട കർഷകസമരത്തിന് കൃത്യമായ രാഷ്ട്രീയ ദിശാബോധം പകർന്നാണ് രണ്ടു ദിവസത്തെ കൺവൻഷൻ സമാപിച്ചത്. കോർപറേറ്റ് കൊള്ളയ്ക്കെതിരായ കർഷകസമരം രാജ്യത്തിനാകെ പ്രതീക്ഷയാണ്.
വിദേശ–- ആഭ്യന്തര കുത്തകകൾ രാജ്യത്തെയാകെ വിഴുങ്ങുന്നതിനെതിരായ സമരംകൂടിയായി പ്രക്ഷോഭം മാറി. സമരത്തിന്റെ കരുത്ത് സർക്കാരിന് ബോധ്യമായിട്ടും കോർപറേറ്റ് വിധേയത്വത്താൽ വഴങ്ങാൻ വിസമ്മതിക്കുന്നു. സമാധാനപരമായ പ്രക്ഷോഭം കൂടുതൽ കരുത്തോടെ മുന്നോട്ടു കൊണ്ടുപോകും. ആർഎസ്എസ്–- ബിജെപി നേതാക്കളുടെ പ്രകോപനങ്ങളിൽ വീഴില്ല. കോർപറേറ്റ് കൊള്ളയെ ചെറുത്ത് സ്വയംപര്യാപ്ത ഇന്ത്യയുടെ സൃഷ്ടിക്കായുള്ള പോരാട്ടമായി കർഷകപ്രക്ഷോഭം മാറുകയാണ്–-കൺവൻഷൻ വിലയിരുത്തി. കർഷക–- കർഷകത്തൊഴിലാളി സംഘടനകളെയും വിവിധ വർഗബഹുജന സംഘടനകളെയും പ്രതിനിധാനംചെയ്ത് 80 പേർ കൺവൻഷനിൽ സംസാരിച്ചു.