മംഗളൂരു
മൈസൂരുവിൽ എംബിഎ വിദ്യാർഥിനിയെ കൂട്ട ബലാത്സംഗം ചെയ്ത കേസിൽ മലയാളികൾ ഉൾപ്പെടെ നാല് എൻജിനിയറിങ് വിദ്യാർഥികൾക്കായി പൊലീസ് തെരച്ചിൽ. മൊബൈൽടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇവരിലേക്കെത്തിയത്. എൻജിനിയറിങ് കോളേജിലെ മൂന്ന് മലയാളി വിദ്യാർഥികളെയും ഒരു തമിഴ്നാട് സ്വദേശിയെയുമാണ് അന്വേഷിക്കുന്നത്.
സംഭവം നടന്നതിന്റെ പിറ്റേന്ന് പരീക്ഷയ്ക്ക് ഹാജരാകാതിരുന്ന ഇവർ മൈസൂരുവിൽനിന്ന് മുങ്ങി. എല്ലാവരുടെയും മൊബൈൽ ഓഫാണ്. ചൊവ്വാഴ്ച വൈകിട്ട് കൂട്ടുകാരനോടൊപ്പം ചാമുണ്ഡി കുന്നിലെത്തിയ 22കാരിയാണ് ആക്രമിക്കപ്പെട്ടത്. ബലാത്സംഗ ദൃശ്യം മൊബൈലിൽ പകർത്തിയ സംഘം മൂന്ന് ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും പരാതിയുണ്ട്. പ്രതികളെ പൊലീസ് വെടിവെച്ച് കൊല്ലണമെന്ന് മുൻ മുഖ്യമന്ത്രിയും ജെഡി-എസ് നേതാവുമായ എച്ച് ഡി കുമാരസ്വാമി പ്രതികരിച്ചു.