ന്യൂഡൽഹി
പഞ്ചാബ് കോൺഗ്രസിൽ തമ്മിലടി മൂത്തതോടെ ഹൈക്കമാൻഡിനെ “വിരട്ടി’ പിസിസി അധ്യക്ഷൻ നവ്ജ്യോത് സിങ് സിദ്ദു. ഡമ്മിയായി തുടരാൻ കിട്ടില്ലെന്ന് പിസിസി അധ്യക്ഷൻ നവ്ജ്യോത് സിങ് സിദ്ദു തുറന്നടിച്ചു. സിദ്ദുവിന്റെ ഉപദേശകന് മൽവീന്ദർ സിങ് മാലിക്കെതിരെ സംസ്ഥാന ചുമതലയുള്ള ജനറൽ സെക്രട്ടറി ഹരീഷ് റാവത്ത് രംഗത്തുവന്നതോടെയാണ് – അനുയായി ഗ്രൂപ്പ് യോഗത്തിൽ സിദ്ദു തുറന്നടിച്ചത്. ഉപദേശകസ്ഥാനം വെള്ളിയാഴ്ച മാലി രാജിവച്ചു. കശ്മീർ വിഷയത്തിലെ മാലിയുടെ ചില പരാമർശം കോൺഗ്രസിന് നാണക്കേടായിരുന്നു.
സിദ്ദു ഡമ്മി മാത്രമാണെന്ന് ആരും പറഞ്ഞിട്ടില്ല. അത് പറഞ്ഞ സാഹചര്യം പരിശോധിക്കും. ഉപദേശകരുടെ കാര്യത്തിൽ നിലപാട് വ്യക്തമാക്കി. അവർ പറഞ്ഞത് കോൺഗ്രസിന് സ്വീകാര്യമായ കാര്യങ്ങളല്ല–- റാവത്ത് പറഞ്ഞു.
നിലവിലെ സാഹചര്യത്തിൽ തുടരാനാകില്ലെന്നും പുതിയ പഞ്ചാബ് മാതൃക അംഗീകരിക്കാനാവാത്ത സിഖ് വിരുദ്ധ ശക്തികളാണ് പുറത്താക്കലിന് പിന്നിലെന്നും മാലി പ്രതികരിച്ചു. കർഷക സമരത്തിന്റെയും മറ്റും പശ്ചാത്തലത്തിൽ ശക്തിപ്പെടുന്ന വിഷയാധിഷ്ഠിത രാഷ്ട്രീയം ചിലർ താൽപ്പര്യപ്പെടുന്നില്ല. കോൺഗ്രസ് നേതാക്കളായ അമരീന്ദർ സിങ്, മനീഷ് തിവാരി, അകാലിദൾ നേതാവ് സുഖ്ബീർ ബാദൽ, എഎപിയുടെ രാഘവ് ഛദ്ദ, ബിജെപിയുടെ സുഭാഷ് ശർമ തുടങ്ങിയവരാണ് തനിക്കെതിരെ പ്രവർത്തിച്ചത്. എന്തെങ്കിലും അപകടം പിണഞ്ഞാൽ അവരായിരിക്കും ഉത്തരവാദികളെന്നും- മാലി പറഞ്ഞു.
ഛത്തീസ്ഗഢില് അടി തുടരുന്നു
ഛത്തിസ്ഗഢ് കോൺഗ്രസിലെ ഗ്രൂപ്പുപോരിന് പരിഹാരംതേടിയുള്ള ചർച്ചകൾ ഡൽഹിയിൽ തുടരുന്നു. മുഖ്യമന്ത്രി ഭൂപേഷ് ബഘേൽ വെള്ളിയാഴ്ച രാഹുൽ ഗാന്ധിയുമായും പ്രിയങ്ക ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തി. സംസ്ഥാന ചുമതലയുള്ള പി എൽ പുനിയയും സന്നിഹിതനായി.
രാഹുൽ ഗാന്ധി അടുത്തയാഴ്ച ഛത്തീസ്ഗഢ് സന്ദർശിക്കുമെന്ന് ബഘേൽ കൂടിക്കാഴ്ചയ്ക്കുശേഷം പറഞ്ഞു. ആരോഗ്യമന്ത്രി ടി എസ് സിങ് ദേവ് മുഖ്യമന്ത്രിപദത്തിന് അവകാശവാദം ഉന്നയിച്ചതോടെയാണ് സംസ്ഥാനത്ത് പ്രതിസന്ധി ഉടലെടുത്തത്. രണ്ടര വർഷത്തിനുശേഷം മുഖ്യമന്ത്രിപദം കൈമാറാമെന്ന് ധാരണയുണ്ടെന്നാണ് ദേവിന്റെ അവകാശവാദം. ഇരുനേതാക്കളുമായും രാഹുൽ കൂടിക്കാഴ്ച നടത്തി. തുടർന്ന് ഛത്തീസ്ഗഢിലേക്ക് മടങ്ങിയ ബഘേൽ എംഎൽഎമാരെ സംഘടിപ്പിച്ച് ശക്തി തെളിയിക്കാൻ നീക്കം തുടങ്ങി. 51 എംഎൽഎമാരെ ബഘേൽ ഡൽഹിയിലെത്തിച്ചു. 90 അംഗ നിയമസഭയിൽ കോൺഗ്രസിന് 70 അംഗങ്ങളാണ്.
അതേസമയം ഹൈക്കമാൻഡിൽനിന്ന് അധികാരമാറ്റത്തിന്റെ കാര്യത്തിൽ ഉറപ്പുകിട്ടാതെ മടങ്ങില്ലെന്ന വാശിയിൽ ടി എസ് സിങ് ദേവ് ഡൽഹിയിൽ തുടരുകയാണ്.