കൊച്ചി
കൊല്ലത്ത് സാമൂഹ്യവിരുദ്ധരുടെ ശല്യംമൂലം യുവതിക്കും കുട്ടികൾക്കും വീട്ടിൽ താമസിക്കാൻ കഴിയാനാകുന്നില്ലെന്ന മാധ്യമവാർത്തയെത്തുടർന്ന് കുടുംബത്തിന് പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു.
ജില്ലാ പൊലീസ് മേധാവി റിപ്പോർട്ട് നൽകണം. സംഭവത്തിൽ സ്വമേധയാ കേസെടുക്കാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചീഫ് ജസ്റ്റിസിന്റെ അനുമതി തേടി. ഇരവിപുരത്തെ സുനാമി ഫ്ലാറ്റിൽ താമസിക്കുന്ന യുവതിക്കും മക്കൾക്കും സാമൂഹ്യവിരുദ്ധ ഉപദ്രവംമൂലം വീട്ടിൽ താമസിക്കാൻ പറ്റാത്ത സാഹചര്യമുണ്ടായെന്നാണ് വാർത്ത. വീടുകയറി ആക്രമണമുണ്ടായതായും രാത്രി വാതിലിൽ മുട്ടുകയും വൈദ്യുതി വിച്ഛേദിക്കുകയും ചെയ്യുന്നുവെന്നും യുവതിയും മക്കളും രാത്രി വീട്ടിൽ താമസിക്കാൻ കഴിയാതെ ട്രെയിനിൽ ടിക്കറ്റെടുത്ത് യാത്ര ചെയ്താണ് നേരംവെളുപ്പിക്കുന്നതെന്നും വാർത്തയിലുണ്ട്. മകളെ അപമാനിക്കുന്ന വീഡിയോ എടുത്ത് പ്രചരിപ്പിച്ചത് ചോദ്യം ചെയ്തതോടെ വീടുകയറി ആക്രമിച്ചെന്നും അറസ്റ്റിലായ പ്രതി ജാമ്യത്തിലിറങ്ങിയെന്നും ഭീഷണിക്കും ശല്യപ്പെടുത്തലിനും കുറവില്ലെന്നും യുവതി പറഞ്ഞതായാണ് മാധ്യമവാർത്തകൾ.
കോളനി നിവാസികളുമായ തർക്കമാണ് നിലവിലുള്ളതെന്നും പരാതികളിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണെന്നും പരാതി ഉയർന്നപ്പോഴെല്ലാം വനിതാ പൊലീസ് അടങ്ങുന്ന പൊലീസ് സംഘം സ്ഥലത്തെത്തി അടിയന്തര നടപടി സ്വീകരിച്ചതായും പൊലീസ് അറിയിച്ചു.