തിരുവനന്തപുരം
മന്ത്രിമാരടക്കം എംപിമാർക്കും എംഎൽഎമാർക്കും ഔദ്യോഗിക മെയിൽ ഉപയോഗിക്കുന്ന ഉദ്യോഗസ്ഥർക്കും കേന്ദ്രം നിർബന്ധമാക്കിയ ‘കവച് ’ ആപ്പിനെച്ചൊല്ലി ആശങ്ക. സ്വകാര്യത സംരക്ഷിക്കപ്പെടുമോ എന്നാണ് പേടി. ‘പെഗാസസ്’ അടക്കമുള്ള ചോർത്തൽ വാർത്തകളുടെ സാഹചര്യത്തിലാണ് ജനപ്രതിനിധികളുടെ സംശയം. ഔദ്യോഗിക മെയിൽ ലോഗിൻ ചെയ്യുന്നതിന് കവച് ആപ്പിൽ വരുന്ന രഹസ്യകോഡ് നൽകണം. സുരക്ഷയുടെ പേരിലാണ് കേന്ദ്രസർക്കാർ ഈ രീതി നടപ്പാക്കിയതെന്ന് പറയുന്നു. ചില എംഎൽഎമാർ സംശയം ഉന്നയിച്ച സാഹചര്യത്തിൽ ഇക്കാര്യം പരിശോധിക്കുമെന്ന് സ്പീക്കറുടെ ഓഫീസ് അറിയിച്ചു. ഇത്പരിശോധിക്കാൻ സ്പീക്കറുടെ ഓഫീസിലെ ഐടി വിഭാഗത്തെ ചുമതലപ്പെടുത്തി.
നാഷണൽ ഇൻഫൊർമാറ്റിക് സെന്ററിന്റെ (എൻഐസി) നൂറുകണക്കിന് ആപ്പുകളിലൊന്നാണ് ‘കവച്’. അടുത്തിടെയാണ് രാജ്യത്ത് ജനപ്രതിനിധികളുടെ ഇ–- മെയിൽ ഉപയോഗത്തിന് ഇത് നിർബന്ധമാക്കിയത്. ജനപ്രതിനിധി തന്റെ നമ്പരിൽ ആപ് ഡൗൺലോഡ് ചെയ്ത ഫോണിലോ കംപ്യൂട്ടർവഴിയോ മാത്രമേ മെയിലിൽ പ്രവേശിക്കാനാകൂ. ഡൗൺലോഡ് ചെയ്യാൻ ഫോണിലെ കോൺടാക്ട്, ക്യാമറ, ലൊക്കേഷൻ, ഫോൺ മെമ്മറി കാർഡ്, എസ്എംഎസ് തുടങ്ങി മറ്റെല്ലാ ആപ്ലിക്കേഷനുകളിലേക്കും പ്രവേശനം അനുവദിക്കണം.
ഒടിപി വരുന്നതിനുമാത്രം ഉപയോഗമുള്ള ആപ് ഡൗൺലോഡ് ചെയ്യാൻ ഇത്രമാത്രം അനുമതിയുടെ ആവശ്യമുണ്ടോയെന്നാണ് ജനപ്രതിനിധികൾ ചോദിക്കുന്നത്. ആപ്പിലൂടെ എൻഐസിയിലുള്ള ആർക്കും ജനപ്രതിനിധിയുടെ വ്യക്തിവിവരങ്ങൾ അറിയാനാകും. പെഗാസസ് വഴി കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ടവർ ഇപ്രകാരം വിവരങ്ങൾ ചോർത്തിയിരുന്നെന്ന ആരോപണം ശക്തമായിരിക്കെയാണ് സംശയം ബലപ്പെടുന്നത്.