കോട്ടയം
തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണക്കാരായെന്ന കെപിസിസി സമിതിയുടെ റിപ്പോർട്ടിനെതിരെ തുറന്നടിച്ച് പി ജെ ജോസഫ് വിഭാഗം. യുഡിഎഫ് നേതൃത്വമായ കോൺഗ്രസിന്റെ കെടുകാര്യസ്ഥതയാണ് കനത്ത തോൽവിയിലേക്ക് നയിച്ചതെന്ന് ജോസഫ് പക്ഷ നേതാക്കൾ തിരിച്ചടിച്ചു. മുതിർന്ന നേതാവായ പി ജെ ജോസഫിനെയും പാർടിയെയും പരിഹാസ്യരാക്കിയ റിപ്പോർട്ട് അംഗീകരിക്കില്ല. മുന്നണിയെ ഏകോപിപ്പിക്കാൻ കഴിയാതിരുന്നവർ ഘടകകക്ഷികളെ പഴിചാരുകയാണെന്നും നേതാക്കൾ കുറ്റപ്പെടുത്തി.
പാർടിയുടെ ജില്ലാ നേതൃയോഗങ്ങളിലും കോൺഗ്രസിനെതിരെ കടുത്ത വിമർശമുയർന്നു. സമിതിയുടെ കണ്ടെത്തലുകൾ അടിസ്ഥാനരഹിതമാണെന്ന് വൈസ് ചെയർമാൻ കെ ഫ്രാൻസിസ് ജോർജ് തുറന്നടിച്ചു. ‘മധ്യകേരളത്തിൽ സീറ്റ് കുറഞ്ഞതിനാണല്ലോ കുറ്റപ്പെടുത്തുന്നത്. അങ്ങനെയെങ്കിൽ 92 സീറ്റിൽ മത്സരിച്ച കോൺഗ്രസിന്റെ സ്ഥിതിയെന്താണ്. യുഡിഎഫ് ചേർന്ന് യഥാർഥ കാരണങ്ങൾ കണ്ടെത്തണം’–- അദ്ദേഹം പറഞ്ഞു. മറ്റൊരു വൈസ് ചെയർമാൻ ജോണി നെല്ലൂരും ഇതേ അഭിപ്രായം പരസ്യപ്പെടുത്തി. കോൺഗ്രസ് അവഹേളനം അംഗീകരിക്കേണ്ടെന്നാണ് പാർടിക്കുള്ളിലെ വികാരം.
ജോസഫ് വിഭാഗത്തിന് വോട്ട് സ്വാധീനിക്കാനായില്ലെന്നും പാർടിക്ക് സംഘടനാ ശേഷിയില്ലെന്നുമാണ് കെപിസിസി സമിതി റിപ്പോർട്ട്. മധ്യതിരുവിതാംകൂറിലെ തിരിച്ചടിക്ക് കാരണം മാണി വിഭാഗം മുന്നണി വിട്ടതാണെന്ന വിലയിരുത്തലും ജോസഫ് വിഭാഗത്തെ കുപിതരാക്കി.