തിരുവനന്തപുരം
പ്ലസ്വൺ മോഡൽ പരീക്ഷ 31 മുതൽ സെപ്തംബർ നാലുവരെ നടത്തും. സ്കൂളിലെത്തേണ്ട, വിദ്യാർഥികൾക്ക് വീട്ടിലിരുന്ന് പരീക്ഷ എഴുതാം. ചോദ്യപേപ്പർ ദിവസവും രാവിലെ ഹയർ സെക്കൻഡറി പോർട്ടൽ വഴി നൽകും. പരീക്ഷയ്ക്കുശേഷം അധ്യാപകരോട് ഓൺലൈനിൽ സംശയം ചോദിക്കാം.
പരീക്ഷയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ ആർഡിഡിമാർ, എഡിമാർ, ജില്ലാ കോ -ഓർഡിനേറ്റർമാർ എന്നിവരടക്കം പങ്കെടുക്കുന്ന പ്രത്യേക യോഗം ശനിയാഴ്ച രാവിലെ 10.30ന് ചേരും. ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിൽ എല്ലാ സ്കൂളിലെയും ചീഫ് സൂപ്രണ്ടുമാരുടെ യോഗം ഓൺലൈനായി ചേർന്നിരുന്നു.
സെപ്തംബർ ആറിന് ആരംഭിക്കുന്ന പൊതു പരീക്ഷയ്ക്ക് മുന്നോടിയായി രണ്ട്, മൂന്ന്, നാല് തീയതികളിൽ ജനപങ്കാളിത്തത്തോടെ സ്കൂൾ ശുചീകരിച്ച് അണുനശീകരണം നടത്തും. തദ്ദേശ സ്ഥാപന പ്രതിനിധി ചെയർമാനും സ്കൂൾ പ്രിൻസിപ്പൽ കൺവീനറുമായി ഓൺലൈൻ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് രൂപീകരിച്ച സമിതി പ്രവർത്തനം ഏകോപിപ്പിക്കും. എംഎൽഎമാർ നേതൃത്വം നൽകണമെന്ന് മന്ത്രി വി ശിവൻകുട്ടി അഭ്യർഥിച്ചു.
പൊതുപരീക്ഷ
2027 കേന്ദ്രത്തിൽ
സംസ്ഥാനത്തിനകത്തും പുറത്തുമായി 2027 കേന്ദ്രത്തിലാണ് പ്ലസ്വൺ പൊതുപരീക്ഷ നടത്തുക. ഗൾഫിൽ എട്ട് കേന്ദ്രവും ലക്ഷദ്വീപിൽ ഒമ്പത് കേന്ദ്രവും മാഹിയിൽ ആറ് കേന്ദ്രവുമുണ്ട്. കോവിഡ് ബാധിച്ച കുട്ടികൾക്ക് പ്രത്യേക ക്ലാസ് മുറി ഒരുക്കും. ഇവരുടെ ഉത്തരക്കടലാസ് കോവിഡ് മാനദണ്ഡം പാലിച്ച് പ്രത്യേക കവറിലാക്കി സൂക്ഷിക്കും.