ന്യൂഡൽഹി
കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി ടി രവികുമാറടക്കം ഒമ്പതുപേരെ കൊളീജിയം ശുപാർശ പ്രകാരം രാഷ്ട്രപതി രാംനാഥ് കോവിന്ദ് സുപ്രീംകോടതി ജഡ്ജിമാരായി നിയമിച്ചു. നാല് ചീഫ്ജസ്റ്റിസുമാരടക്കം എട്ട് ഹൈക്കോടതി ജഡ്ജിമാരും മുതിർന്ന അഭിഭാഷകനുമാണ് നിയമിതരായത്. മൂന്നു വനിതകളുണ്ട്. ഇവരിൽ ജസ്റ്റിസ് ബി വി നാഗരത്ന സുപ്രീംകോടതിയിലെ ആദ്യ വനിതാ ചീഫ്ജസ്റ്റിസാകാന് സാധ്യതയുണ്ട്. സീനിയോറിറ്റി പ്രകാരമാണ് നിയമനമെങ്കിൽ ജസ്റ്റിസ് നാഗരത്ന 2027 സെപ്തംബറിൽ 36 ദിവസം ചീഫ്ജസ്റ്റിസാകും. മുൻ ചീഫ്ജസ്റ്റിസ് ഇ എസ് വെങ്കടരാമയ്യയുടെ മകളാണ്.
മൂന്ന് വനിതകൾ ഒരേസമയം സുപ്രീംകോടതി ജഡ്ജിമാരായി നിയമിതരാവുന്നത് ആദ്യം. ഗുജറാത്ത് ഹൈക്കോടതി ജഡ്ജി ബെല എം ത്രിവേദി, തെലങ്കാന ചീഫ്ജസ്റ്റിസ് ഹിമ കോലി എന്നിവരാണ് മറ്റ് വനിതകള്. കർണാടക ഹൈക്കോടതി ചീഫ്ജസ്റ്റിസ് എ എസ് ഒക, ഗുജറാത്ത് ചീഫ്ജസ്റ്റിസ് വിക്രംനാഥ്, മദ്രാസ് ഹൈക്കോടതി ജഡ്ജി എം എം സുന്ദരേഷ്, സിക്കിം ഹൈക്കോടതി ചീഫ്ജസ്റ്റിസ് ജെ കെ മഹേശ്വരി, മുതിർന്ന അഭിഭാഷകനായ പി എസ് നരസിംഹ എന്നിവരാണ് മറ്റുള്ളവർ.
ജസ്റ്റിസ് സി ടി രവികുമാർ 2009 ജനുവരിയില് കേരള ഹൈക്കോടതി അഡീഷണൽ ജഡ്ജിയായി. 2010 ഡിസംബറിൽ സ്ഥിരം ജഡ്ജിയായി. 2025 ജനുവരിവരെ സുപ്രീംകോടതി ജഡ്ജിയായി തുടരാം. സുപ്രീംകോടതിയിൽ നിലവിൽ 24 ജഡ്ജിമാരാണുള്ളത്. അനുവദനീയ അംഗബലം 34 ആണ്. ഇപ്പോഴത്തെ നിയമനത്തോടെ ജഡ്ജിമാർ 33 ആകും.