ന്യൂഡൽഹി
നയതന്ത്ര പാസ്പോർട്ടുമായി വന്ന അഫ്ഗാനിലെ വനിതാ എംപി റംഗീന കർഗാറിനെ ഇസ്താംബുളിലേക്ക് മടക്കിയയച്ചത് പിശകാണെന്ന് സമ്മതിച്ച് കേന്ദ്ര സർക്കാർ. പാർലമെന്ററി പാർടി നേതാക്കൾ വിഷയം ഉയർത്തിയെന്നും പിശക് സംഭവിച്ചതാണെന്നും ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുമെന്നും സർക്കാർ പ്രതികരിച്ചതായും കോൺഗ്രസ് രാജ്യസഭാകക്ഷി നേതാവ് മല്ലികാർജുൻ ഖാർഗെ മാധ്യമങ്ങളോട് പറഞ്ഞു.
ഡൽഹിയിൽ ഡോക്ടറെ കാണാനെത്തിയ എംപിയെ 20നാണ് ഡൽഹി വിമാനത്താവളത്തിൽനിന്ന് മടക്കിയയച്ചത്. 22ന് ഇസ്താംബുളിലേക്ക് മടങ്ങാനുള്ള ടിക്കറ്റ് ഇവരുടെ കൈവശമുണ്ടായിരുന്നു. ഗാന്ധിജിയുടെ ഇന്ത്യയിൽനിന്ന് ഇത് പ്രതീക്ഷിച്ചിരുന്നില്ലെന്നും അവർ പറഞ്ഞു. സംഭവത്തിന് രണ്ടു ദിവസത്തിനുശേഷം മറ്റു രണ്ട് അഫ്‌ഗാൻ എംപിമാർക്ക് ഇന്ത്യ അഭയംനൽകി.