ന്യൂഡൽഹി
തമ്മിലടി രൂക്ഷമായ പഞ്ചാബ് കോൺഗ്രസിൽ പിസിസി പ്രസിഡന്റ് നവ്ജ്യോത് സിങ് സിദ്ദു പക്ഷത്തിനെ വെല്ലുവിളിച്ച് മുഖ്യമന്ത്രി അമരീന്ദർ സിങ് വിഭാഗം. അമരീന്ദർ പക്ഷക്കാരനായ സംസ്ഥാന മന്ത്രി റാണാഗുർമീത് സോഥിയുടെ വസതിയിൽ വ്യാഴാഴ്ച സംഘടിപ്പിച്ച അത്താഴവിരുന്നിൽ 50 എംഎൽഎമാരും എട്ട് എംപിമാരും പങ്കെടുത്തു. പഞ്ചാബിൽ കോൺഗ്രസിന് 77 എംഎൽഎമാരാണ്.
പകൽ ഓൺലൈനായി ചേർന്ന മന്ത്രിസഭാ യോഗത്തിൽനിന്ന് സിദ്ദു പക്ഷക്കാരായ മൂന്നു മന്ത്രിമാർ വിട്ടുനിന്നു. കഴിഞ്ഞദിവസം ചേർന്ന അമരീന്ദർവിരുദ്ധപക്ഷ യോഗത്തിൽ പങ്കെടുത്ത നാല് മന്ത്രിമാരിൽ ചരൺജിത്ത് സിങ് ചന്നി മാത്രമാണ് മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തത്. മറ്റു മൂന്ന് മന്ത്രിമാരായ തൃപ്ത് രജീന്ദർ ബാജ്വ, സുഖ്ജീന്ദർ സിങ് രൺധാവ, സുഖ്ബീന്ദർ സിങ് സർക്കാരിയ എന്നിവർ സോണിയ ഗാന്ധിയെ കാണാൻ ഡൽഹിയിലാണ്. സംസ്ഥാന ചുമതലയുള്ള ജനറൽ സെക്രട്ടറി ഹരീഷ് റാവത്തിനെ വിമത നേതാക്കൾ കഴിഞ്ഞദിവസം കണ്ടിരുന്നു.
അതേസമയം, കശ്മീർ വിഷയത്തിൽ ഇന്ത്യൻ നിലപാടിനു വിരുദ്ധമായ പരാമർശം നടത്തിയ ഉപദേശകരെ സിദ്ദു പുറത്താക്കുമെന്ന് റാവത്ത് ഒരു അഭിമുഖത്തിൽ പറഞ്ഞു. അതല്ലെങ്കിൽ കോൺഗ്രസ് നേതൃത്വം അവരെ പുറത്താക്കുമെന്ന് റാവത്ത് മുന്നറിയിപ്പുനൽകി.