ന്യൂഡൽഹി
രാജ്യത്ത് ഡ്രോണുകൾ ഉപയോഗിക്കാനുള്ള വ്യവസ്ഥ ലളിതമാക്കി സിവിൽ വ്യോമയാന മന്ത്രാലയം ചട്ടം പ്രസിദ്ധീകരിച്ചു. ഡ്രോണ് ഇറക്കുമതി, പരിപാലനം, കൈമാറ്റം, ലൈസൻസ്, സ്റ്റുഡന്റ് റിമോട്ട് പൈലറ്റ് ലൈസൻസ്, പൈലറ്റ് ഇൻസ്ട്രക്ടർ ലൈസൻസ്, സവിശേഷ തിരിച്ചറിയൽ നമ്പർ എന്നിവയ്ക്ക് ഇനി വ്യോമയാന ഡയറക്ടർ ജനറലിന്റെ അനുമതി ആവശ്യമില്ല. ഡ്രോൺ ഉപയോഗിക്കാൻ നൽകേണ്ട രേഖ 25ൽനിന്ന് അഞ്ചാക്കി. ഫീസിനങ്ങൾ 72ൽനിന്ന് നാലാക്കി. എല്ലാത്തരം ഡ്രോണുകളുടെയും ലൈസൻസ് ഫീസ് 100 രൂപയാക്കി. കാലാവധി 19 വർഷം. വിമാനത്താവളങ്ങൾക്ക് ചുറ്റുമുള്ള മഞ്ഞ സോണിന്റെ പരിധി 45ൽനിന്ന് 12 കിലോമീറ്ററാക്കി. പച്ച സോണുകളിൽ 400 അടിവരെയും വിമാനത്താവളങ്ങൾക്ക് ചുറ്റും എട്ട് കിലോമീറ്ററിനും 12 കിലോമീറ്ററിനും ഇടയിൽ 200 അടിവരെയും ഉയരത്തിൽ പറത്താൻ അനുമതി ആവശ്യമില്ല.
ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത, വിദേശ ഉടമസ്ഥതയിലുള്ള കമ്പനികൾക്കും നിയന്ത്രണരഹിതമായി ഡ്രോണുകൾ പ്രവർത്തിപ്പിക്കാം. ചട്ടലംഘനത്തിനുള്ള പരമാവധി പിഴ ലക്ഷം രൂപയാക്കി.