തിരുവനന്തപുരം
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ക്ഷേമ പ്രവർത്തനങ്ങൾക്ക് കുറവ് വരുത്താതെ കേരളം. ഓണത്തോടനുബന്ധിച്ച് ക്ഷേമ പെൻഷനുൾപ്പെടെ എല്ലാ മേഖലയ്ക്കും ആനുകൂല്യങ്ങളും സാമ്പത്തിക സഹായവും നൽകി. ഓണവിപണി ഉണർന്നത് പ്രതീക്ഷയേകി. ഗുണഫലങ്ങൾ പ്രതിഫലിക്കാൻ ഇനിയും നാളുകളെടുത്തേക്കും.
കോവിഡ് രണ്ടാം തരംഗത്തിന്റെ ഗുരുതര ആഘാതം മറികടക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. ഇത് സംബന്ധിച്ച് നിർദേശങ്ങൾ സമർപ്പിക്കാൻ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷനെ ചുമതലപ്പെടുത്തി. അടിയന്തരമായി നടപ്പാക്കേണ്ടവയ്ക്കായിരിക്കും ഊന്നൽ. ഒന്നാം തരംഗത്തെതുടർന്ന് വിവിധ സമിതികൾ നിർദേശങ്ങൾ നൽകിയിരുന്നു. ഇതുപ്രകാരം മൂല്യവർധിത ഉൽപ്പന്നങ്ങൾ വർധിപ്പിച്ചും കാർഷിക, വ്യാവസായിക മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങളുണ്ടാക്കിയും സ്ഥിതി മെച്ചപ്പെടുത്താനുള്ള പദ്ധതികൾ ആസൂത്രണം ചെയ്തു.
മഹാമാരി പ്രതിസന്ധിക്കു പുറമെ കേന്ദ്ര സർക്കാർ നികുതിഘടനയിലടക്കം വരുത്തിയ മാറ്റങ്ങൾ കേരളത്തിന് തിരിച്ചടിയായി. ജിഎസ്ടി വിഹിതം നൽകുന്നതിലടക്കം വിവേചനവുമുണ്ടായി. ഈ സാമ്പത്തികവർഷം സംസ്ഥാനത്തെ കടമെടുപ്പ് പരിധി 36,410 കോടി രൂപയാണ്. ഇതിൽ 10,000 കോടി കുറയാനാണ് സാധ്യത. ജിഎസ്ടി നഷ്ടപരിഹാരം അടുത്തവർഷത്തോടെ അവസാനിക്കും. മഹാമാരി സംസ്ഥാന നികുതി വരുമാനവും ഇടിച്ചു.
പരിധിക്കകത്തുനിന്ന് വായ്പയെടുത്ത് ക്ഷേമകാര്യങ്ങളുൾപ്പെടെ നടത്തുകയാണ് കേരളം. ഇത്ര വിപുലമായി സാമൂഹ്യ പെൻഷൻ നൽകുന്ന മറ്റൊരു സംസ്ഥാനമില്ല. അടച്ചിടലിൽ പ്രതിസന്ധിയിലായ ചെറുകിട വാണിജ്യ–- വ്യവസായ രംഗത്തുള്ളവരെയും സഹായിക്കുന്ന പദ്ധതികളും നടപ്പാക്കുന്നു.