ന്യൂഡൽഹി
ഭാരത് ബന്ദ് അടക്കം സംഘടിപ്പിച്ച് മോദി സർക്കാരിനെതിരെ സമ്മർദം ശക്തമാക്കി കർഷക സംഘടനകള്. കർഷകസമരം ഒമ്പതുമാസം പിന്നിടുന്നതിന്റെ ഭാഗമായി രണ്ടുദിവസമായി ചേരുന്ന ദേശീയ കർഷക കൺവൻഷനാണ് സമരപരിപാടികൾ വിപുലമാക്കാനുള്ള നടപടികളിലേക്ക് കടന്നത്. വെള്ളിയാഴ്ചയും കൺവൻഷൻ തുടരും.
22 സംസ്ഥാനത്തുനിന്നായി മുന്നൂറിലേറെ കർഷക–- കർഷകത്തൊഴിലാളി സംഘടനാ പ്രതിനിധികളും 18 കേന്ദ്ര ട്രേഡ്യൂണിയൻ, ഒമ്പത് വനിതാ സംഘടന, 17 വിദ്യാർഥി–- യുവജന സംഘടനാ പ്രതിനിധികളും കൺവൻഷനിൽ പങ്കെടുക്കുന്നു. ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത് കൺവൻഷൻ ഉദ്ഘാടനം ചെയ്തു. കിസാൻസഭ ജനറൽ സെക്രട്ടറി ഹന്നൻ മൊള്ള, ഫിനാൻസ് സെക്രട്ടറി പി കൃഷ്ണപ്രസാദ്, സിഐടിയു പ്രസിഡന്റ് ഡോ. ഹേമലത, കർഷക നേതാക്കളായ ബൽബീർ സിങ് രജേവാൾ, ദർശൻപാൽ, യോഗേന്ദ്ര യാദവ്, കേരളത്തിൽനിന്നുള്ള പി ടി ജോൺ, കെ വി ബിജു തുടങ്ങിയവർ സംസാരിച്ചു. തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, ആദിവാസികൾ, സ്ത്രീകളും യുവാക്കളുമടക്കം വിവിധ ബഹുജനവിഭാഗങ്ങൾ എന്നിവരെ കൂടി ഉൾപ്പെടുത്തി ദേശീയതലത്തിൽ പ്രക്ഷോഭം ശക്തിപ്പെടുത്താൻ കൺവൻഷനിൽ ധാരണയായി.
വ്യാഴാഴ്ച മൂന്ന് സെഷനിലായി കർഷകരും തൊഴിലാളികളും ഉയർത്തുന്ന വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു.
മുസഫർനഗർ റാലി
ആദിത്യനാഥിന് താക്കീതാകും
സെപ്തംബർ അഞ്ചിന് യുപി മുസഫർനഗറിൽ തീരുമാനിച്ച കർഷക മഹാപഞ്ചായത്ത് വൻവിജയമാക്കും. നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന യുപിയിൽ യോഗി സർക്കാരിനെതിരായ സമരപ്രഖ്യാപനം കൂടിയായി മഹാപഞ്ചായത്ത് മാറും.