ന്യൂഡൽഹി
അഫ്ഗാനിസ്ഥാൻ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ കേന്ദ്രസർക്കാർ വീഴ്ച വരുത്തിയെന്ന് സിപിഐ എം ലോക്സഭാ കക്ഷിനേതാവ് പി ആർ നടരാജൻ പറഞ്ഞു. ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിൽ അനാവശ്യ കാലതാമസമുണ്ടായി. ഇന്ത്യയുടെ പുതിയ സഖ്യകക്ഷിയായ അമേരിക്ക അഫ്ഗാന് പിന്മാറ്റത്തെക്കുറിച്ച് എന്തെങ്കിലും വിവരം മുൻകൂട്ടി നൽകിയിരുന്നോ എന്നും കേന്ദ്രം വിളിച്ച പാർലമെന്ററി പാർടി നേതാക്കളുടെ യോഗത്തിൽ അദ്ദേഹം ചോദിച്ചു.സേനയെ പൂർണമായി പിൻവലിക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽത്തന്നെ ജോ ബൈഡൻ പറഞ്ഞു.
അധികാരമേറ്റശേഷം ബൈഡൻ സേനാപിന്മാറ്റം വേഗത്തിലാക്കി. സെപ്തംബർ 11 വരെ സമയം നൽകിയെങ്കിലും 31ന് പിന്മാറ്റം പൂർത്തിയാക്കുമെന്നാണ് അമേരിക്കൻ പ്രഖ്യാപനം. ഇക്കാര്യം നേരത്തേ അറിയിച്ചിരുന്നോ?
രക്ഷാദൗത്യത്തിന് ശേഷിക്കുന്നത് ഇനി ദിവസങ്ങള് മാത്രം. അഞ്ഞൂറോളം രക്ഷിച്ചെന്നാണ് കണക്ക്. കാബൂളിലെ ഇന്ത്യൻ എംബസിയും ഇതര പ്രദേശങ്ങളിലെ നാല് കോൺസുലേറ്റും പ്രവർത്തനം നിർത്തി. വിമാനത്താവളത്തിലെത്തുന്നവരെമാത്രം സഹായിക്കാൻ കുറച്ചുപേർ പ്രവർത്തിക്കുന്നു. ബാക്കിയുള്ളവരെ രക്ഷിക്കാൻ പദ്ധതിയുണ്ടോ?
പൊതു, -സ്വകാര്യ മേഖലകളിലെ ഇന്ത്യയുടെ 500ൽപരം പദ്ധതി അഫ്ഗാനിലുണ്ട്. ഇവയുടെ ഭാവി എന്താകും? താലിബാനുമായി അമേരിക്ക രഹസ്യധാരണയിലാണ്. റഷ്യയും ഇറാഖും താലിബാനെ അംഗീകരിക്കുന്നു. ഇന്ത്യ പൂർണമായി ഒറ്റപ്പെട്ടു. ഇന്ത്യയുടെ തന്ത്രം എന്താണെന്നും നടരാജൻ ചോദിച്ചു.