ന്യൂഡൽഹി
കോവിഡിൽ മാതാപിതാക്കൾ നഷ്ടമായ കുട്ടികൾക്ക് സ്വകാര്യ സ്കൂളുകളില് പഠനം മുടങ്ങാതിരിക്കാന് സംസ്ഥാന സർക്കാരുകൾ ജാഗ്രത പാലിക്കണമെന്ന് സുപ്രീംകോടതി. ഈ കുട്ടികള്ക്ക് പൂർണ ഫീസ് ഇളവിനോ പകുതി ഇളവിനോ സ്വകാര്യ സ്കൂളുകൾ തയ്യാറാകണം. പകുതി ഇളവാണെങ്കിൽ ശേഷിക്കുന്ന ഫീസ് സംസ്ഥാനം വഹിക്കണം.
സ്കൂളുകളുമായി ചർച്ച ചെയ്ത് ഫീസ് ധാരണയിലെത്തണം–- ജസ്റ്റിസുമാരായ എൽ നാഗേശ്വര റാവുവും അനിരുദ്ധ ബോസും ഉൾപ്പെട്ട ബെഞ്ച് നിർദേശിച്ചു.
കോവിഡ് അനാഥമാക്കിയ കുട്ടികളുടെ പ്രശ്നത്തില് സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയാണ് കോടതി നിർദേശം.
ഈ സാമ്പത്തിക വർഷം എന്തായാലും ഇവരുടെ വിദ്യാഭ്യാസം ഫീസിൽ മുടങ്ങരുത്. കുട്ടികളുടെ വിവരങ്ങൾ ബാലസംരക്ഷണ ദേശീയകമീഷന്റെ ‘ബാൽസ്വരാജ്’ പോർട്ടലിൽ അപ്ലോഡ് ചെയ്യണമെന്നും കോടതി നിരീക്ഷിച്ചു.