ലീഡ്സ്
ക്യാപ്റ്റൻ ജോ റൂട്ടിന്റെ ബാറ്റിൽ വീണ്ടും നൂറ് പൂക്കൾ വിരിഞ്ഞപ്പോൾ ഇംഗ്ലണ്ട് വിജയവഴിയിൽ. ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് മൂന്ന് ദിവസം ബാക്കിയിരിക്കെ ഇംഗ്ലണ്ടിന് കൂറ്റൻ ഒന്നാം ഇന്നിങ്സ് ലീഡായി. രണ്ടാംദിവസം കളി നിർത്തുമ്പോൾ ഇംഗ്ലണ്ട് എട്ട് വിക്കറ്റ് നഷ്ടത്തിൽ 423 റണ്ണെടുത്തു. ഇംഗ്ലണ്ടിന് 345 റൺ ലീഡായി. ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 78 റണ്ണിന് പുറത്തായിരുന്നു.
ഇരുപത്തിമൂന്നാം സെഞ്ചുറി നേടിയ റൂട്ട് ഇംഗ്ലണ്ടിനെ രാജകീയമായി നയിച്ചു. 57 പന്തിൽ അർധസെഞ്ചുറി നേടിയ ക്യാപ്റ്റൻ സെഞ്ചുറിയിലെത്താൻ 124 പന്ത് നേരിട്ടു. തുടർച്ചയായി മൂന്നാം ടെസ്റ്റിലും മുപ്പതുകാരൻ നൂറ് തികച്ചു. ഈ വർഷം ആറ് സെഞ്ചുറി നേടി റെക്കോഡിട്ടു. ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ഇംഗ്ലീഷുകാരനാണ്. 165 പന്തിൽ 121 റൺ നേടിയ റൂട്ടിനെ ബുമ്ര പുറത്താക്കി.
ഓപ്പണർമാരായ റോറി ബേൺസും (61) ഹസീബ് ഹമീദും (68) 135 റണ്ണടിച്ചാണ് പുറത്തായത്. വിക്കറ്റ് നഷ്ടപ്പെടാതെ 120 റണ്ണെന്ന നിലയിൽ രണ്ടാംദിവസം കളി തുടങ്ങിയ ഇംഗ്ലണ്ടിന് ബേൺസിനെയാണ് ആദ്യം നഷ്ടമായത്. മുഹമ്മദ് ഷമിക്കാണ് വിക്കറ്റ്. വൈകാതെ രവീന്ദ്ര ജഡേജയുടെ പന്തിൽ ഹമീദും മടങ്ങി.മൂന്നാം വിക്കറ്റിൽ റൂട്ടും ഡേവിഡ് മലനും സ്കോർ ഉയർത്തി. ഈ കൂട്ടുകെട്ട് 139 റണ്ണടിച്ചു. മുഹമ്മദ് സിറാജിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് പിടിച്ചാണ് മലൻ (70) പുറത്തായത്. റോബിൻസണും (0) ഒവെർട്ടണുമാണ് (24) ക്രീസിൽ. മുഹമ്മദ് ഷമിക്ക് മൂന്ന് വിക്കറ്റുണ്ട്.