ന്യൂഡൽഹി
കള്ളക്കേസാണെങ്കിൽ കൂടി എംപിമാർക്കും എംഎൽഎമാർക്കുമെതിരായ കേസുകൾ ഹൈക്കോടതിയുടെ അനുമതി കൂടാതെ പിൻവലിക്കാൻ പാടില്ലെന്ന് സുപ്രീംകോടതി. മുൻ എംപിമാർക്കും എംഎൽഎമാർക്കുമെതിരായ കേസുകൾക്കും ഇത് ബാധകം. അടിസ്ഥാനമില്ലാത്ത കള്ളക്കേസുകൾ പിൻവലിക്കുന്നതിന് എതിരല്ല, അത് കോടതി പരിശോധനയോടെ ആകണം, ചീഫ് ജസ്റ്റിസ് എൻ വി രമണ, ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, സൂര്യകാന്ത് എന്നിവരുൾപ്പെട്ട പ്രത്യേക ബെഞ്ച് നിരീക്ഷിച്ചു.
എംപിമാർക്കും എംഎൽഎമാർക്കും എതിരായ കേസുകൾ വേഗത്തിൽ തീർപ്പാക്കണമെന്ന ഹർജി പരിഗണിക്കവെയാണ് നിരീക്ഷണം. കള്ളക്കേസാണെന്ന് ഉത്തമ ബോധ്യമുള്ളവമാത്രമേ പിൻവലിക്കാൻ അനുവദിക്കാവൂവെന്ന അമിക്കസ് ക്യൂറി വിജയ് ഹൻസരിയയുടെ റിപ്പോർട്ടിനോട് യോജിക്കാനാകില്ല. അതിന് അനുവദിച്ചാൽ എല്ലാ കേസുകളും ഈ വിഭാഗത്തിലുൾപ്പെടുത്തി അവസാനിപ്പിക്കാൻ സർക്കാരുകൾക്ക് കഴിയും. അതിനാൽ, ഹൈക്കോടതിക്ക് ബോധ്യപ്പെട്ടാൽ അവസാനിപ്പിക്കാൻ നിർദേശം നൽകാം–- കോടതി വിശദീകരിച്ചു.