മുംബൈ
കേന്ദ്രമന്ത്രി നാരായൺ റാണെയുടെ അറസ്റ്റോടെ മഹാരാഷ്ട്രയിലെ ബിജെപി, ശിവസേന തമ്മിലടി തുറന്ന പോരായി. കേന്ദ്രമന്ത്രിയാണെങ്കിലും റാണെ തെരുവുഗുണ്ടയെപ്പോലെയാണ് പെരുമാറുന്നതെന്ന് ശിവസേന സാമ്ന മുഖപ്രസംഗമെഴുതി. മോദിക്കെതിരെയായിരുന്നു ഇത്തരം പരാമർശമെങ്കിൽ രാജ്യദ്രോഹം ചുമത്തിയേനെ. മോദിയെ കൊല്ലാൻ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് നിരവധി ബുദ്ധിജീവികളെ ബിജെപി തടവിലാക്കിയെന്നും ഭീമ കൊറേഗാവ് കേസ് പരാമർശിച്ച് സാമ്ന ചൂണ്ടിക്കാട്ടി.
ജാമ്യം കിട്ടിയ ശേഷം മാധ്യമങ്ങളെ കണ്ട റാണെ ഉദ്ദവിനെതിരെ കൂടുതല് അധിഷേപം ചൊരിഞ്ഞു. മഹാരാഷ്ട്രയിൽ രാഷ്ട്രപതിഭരണം കൊണ്ടുവരണമെന്ന് റാണെയുടെ മകനും ബിജെപി എംഎൽഎയുമായ നിതേഷ് റാണെ ആവശ്യപ്പെട്ടു.
മന്ത്രി അനിൽ പരാബ് ഗൂഢാലോചന നടത്തിയാണ് റാണെയെ അറസ്റ്റുചെയ്തതെന്നും ഇതിൽ സിബിഐ അന്വേഷണം വേണമെന്നും ബിജെപി എംഎൽഎ ആശിഷ് ഷെലാർ ആവശ്യപ്പെട്ടു. ഇതിനിടെ, ശിവസേന എംപി വിനായക് റൗട്ടിന്റെ വീടിനുനേരെ സോഡാക്കുപ്പി എറുണ്ടായി. കഴിഞ്ഞ ഒക്ടോബർ 25നു നടത്തിയ പ്രസംഗത്തില്, യുപി മുഖ്യമന്ത്രി ആദിത്യനാഥിനെ ചെരുപ്പൂരി അടിക്കണമെന്ന് ഉദ്ദവ് ആക്ഷേപിച്ചെന്ന് ആരോപിച്ച് ബിജെപി യത്നാൽ ജില്ലാ പ്രസിഡന്റ് പൊലീസില് പരാതി നല്കി.