കൽപ്പറ്റ
ധീര രക്തസാക്ഷി അഭിമന്യുവിന്റെ ജ്വലിക്കുന്ന ഓർമയ്ക്ക് വയനാട്ടിൽ വിദ്യാർഥികളുടെ വിയർപ്പിൽ സ്മാരകമുയരുന്നു. കാട്ടുതേൻ, ബിരിയാണി, പായസം, ഉണ്ണിയപ്പം, സാനിറ്റൈസർ, മുണ്ട്, ആക്രി സാധനങ്ങൾ എന്നിവ വിറ്റും ചുമടെടുത്തുമാണ് എസ്എഫ്ഐ പ്രവർത്തകർ അഭിമന്യു സ്മാരക കെട്ടിടത്തിന് പണം സ്വരുക്കൂട്ടുന്നത്.
നേതാക്കളും പ്രവർത്തകരും ചുമടെടുക്കാനടക്കം മുന്നിട്ടിറങ്ങി. നിർമാണം പൂർത്തിയാകുന്നതോടെ സ്വന്തം കെട്ടിടത്തിൽ ഓഫീസുള്ള ആദ്യ എസ്എഫ്ഐ ജില്ലാ കമ്മിറ്റിയാകും വയനാട്. 35 ലക്ഷം രൂപ ചെലവിൽ നിർമിക്കുന്ന കെട്ടിടത്തിന് 2019 മാർച്ചിലാണ് തറക്കല്ലിട്ടത്. സെപ്തംബറിൽ ഉദ്ഘാടനം നടക്കും. 2018 ജൂലൈ രണ്ടിനാണ് മഹാരാജാസ് കോളേജിനുള്ളിൽ എസ്ഡിപിഐ–- ക്യാമ്പസ് ഫ്രണ്ട് അക്രമിസംഘം അഭിമന്യുവിനെ അരുംകൊല ചെയ്തത്.
തേൻ വാങ്ങാം
മുത്തങ്ങ, തിരുനെല്ലി കാടുകളിലെ കാട്ടുതേന്‍ വിറ്റ് ജില്ലാ കമ്മിറ്റി ഓഫീസ് നിര്‍മാണം പൂർത്തിയാക്കാനാണ് കുട്ടികളുടെ കഠിന ശ്രമം. ഫോൺവഴി ബുക്ക് ചെയ്താൽ കേരളത്തില്‍ എവിടെയും കൊറിയറിൽ എത്തിക്കും. വന്‍തേനിന് 700 രൂപയും പുറ്റുതേനിന് 800 രൂപയുമാണ്. ഫോൺ: 9746071838, 7025393389.