ന്യൂഡൽഹി
പഞ്ചാബിൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസിനെ മുഖ്യമന്ത്രി അമരീന്ദർ സിങ്ങുതന്നെ നയിക്കുമെന്ന് സംസ്ഥാന ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ഹരീഷ് റാവത്ത്. മുഖ്യമന്ത്രിയിലുള്ള വിശ്വാസം നഷ്ടമായതായി നാല് മന്ത്രിമാരടക്കം 31 എംഎൽഎമാർ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അമരീന്ദറിനെ പിന്തുണച്ച് റാവത്ത് രംഗത്തുവന്നത്. മുഖ്യമന്ത്രിക്കെതിരെ കലാപക്കൊടി ഉയർത്തിയ നാല് മന്ത്രിമാർ ബുധനാഴ്ച ഡെറാഡൂണിലെത്തി റാവത്തിനെ കണ്ടു. തുടർന്ന് സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്താൻ ഡൽഹിക്ക് മടങ്ങി. നിരവധി എംഎൽഎമാരും ഡൽഹിയിലെത്തി.
ഹൈക്കമാൻഡിന്റെ മേൽനോട്ടത്തിൽ എംഎൽഎമാരുടെ യോഗം മുഖ്യമന്ത്രി വിളിക്കണമെന്ന് വിമതപക്ഷത്തുള്ള സംസ്ഥാന ജനറൽ സെക്രട്ടറി പർഗത് സിങ് പറഞ്ഞു. പഞ്ചാബിലെ ഗ്രൂപ്പുതർക്കം പരിഹരിക്കാനാണ് വിമത വിഭാഗത്തിന് നേതൃത്വം നൽകുന്ന നവ്ജ്യോത്സിങ് സിദ്ദുവിനെ ഹൈക്കമാൻഡ് പിസിസി അധ്യക്ഷനായി നിയമിച്ചത്. ഇതിനുശേഷവും പോര് തുടരുകയാണ്.