മുംബൈ
മുഖ്യമന്ത്രി ഉദ്ദവ് താക്കെറെയ്ക്ക് അടികൊടുക്കുമെന്ന വിവാദ പരാമർശത്തിൽ അറസ്റ്റിലായി ജാമ്യംനേടിയ കേന്ദ്രമന്ത്രി നാരായൺ റാണെയെ സമാനകേസില് വീണ്ടും അറസ്റ്റ് ചെയ്യില്ലെന്ന് മഹാരാഷ്ട്ര സർക്കാർ ബോംബെ ഹൈക്കോടതിയെ അറിയിച്ചു.
റായ്ഗഢ് ജില്ലയിലെ മഹാഡിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റുണ്ടായത്. നാസിക്കിലും കേസുണ്ട്. ചൊവ്വാഴ്ച രാത്രി വൈകി മഹാഡ് കോടതി കേന്ദ്രമന്ത്രിക്ക് ജാമ്യം നല്കി. അറസ്റ്റിൽ തെറ്റില്ലെന്നും എന്നാല് ചോദ്യംചെയ്യല് ആവശ്യമില്ലെന്നും കോടതി ഉത്തരവിൽ നിരീക്ഷിച്ചു. ഇനി ഹർജി പരിഗണിക്കുന്ന സെപ്തംബർ 17വരെ നാസിക്കിലെ കേസിൽ അറസ്റ്റ് ഉണ്ടാകില്ലെന്നാണ് സംസ്ഥാന സര്ക്കാരിന്റെ ഉറപ്പെന്ന് മഹാരാഷ്ട്രയുടെ അഭിഭാഷകൻ വ്യക്തമാക്കി. സെപ്തംബർ രണ്ടിന് ചോദ്യം ചെയ്യലിന് ഹാജരാകാന് നാസിക് പൊലീസ് റാണെയ്ക്ക് നോട്ടീസ് നൽകി. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ വർഷം മറന്ന മുഖ്യമന്ത്രി ഉദ്ദവ് താക്കെറെയ്ക്ക് അടികൊടുക്കണമെന്നായിരുന്നു റാണെയുടെ വിവാദ പരാമര്ശം. റാണെയുടെ അറസ്റ്റിനു പിന്നാലെ ബിജെപി–-ശിവസേന ഏറ്റുമുട്ടൽ രൂക്ഷമായി. തെരുവുഗുണ്ടയെപ്പോലെയാണ് റാണെ പെരുമാറുന്നതെന്ന് ശിവസേനാ മുഖപത്രം സാമ്ന വിമർശിച്ചു.
യുപി മുഖ്യമന്ത്രി ആദിത്യനാഥിനെ ചെരുപ്പൂരി അടിക്കണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലജ്ജയില്ലാത്തവനാണെന്നും ഉദ്ദവ് പ്രസംഗിച്ചിട്ടുണ്ടെന്ന് റാണെ വാര്ത്താസമ്മേളനത്തില് പറഞ്ഞു.