ന്യൂഡൽഹി
ദേശീയ ആസ്തിവിൽപ്പനവഴിയുള്ള വരുമാനത്തെക്കുറിച്ച് മുന്കൂട്ടി ഉറപ്പുപറയാനാകില്ലെന്ന കേന്ദ്രസർക്കാറിന്റെ പ്രസ്താവന വിരൽചൂണ്ടുന്നത് കോർപറേറ്റുകളുമായുള്ള ഒത്തുകളി. നടത്തിപ്പില് സുതാര്യതയും കാര്യക്ഷമതയും വർധിപ്പിക്കാനാണ് പൊതുസ്ഥാപനങ്ങളും ആസ്തികളും കൈമാറുന്നതെന്ന് അവകാശപ്പെടുന്ന സർക്കാർ ഇതുവഴിയുള്ള വരുമാനമോ സുരക്ഷിതത്വമോ രാജ്യത്തിന് ഉറപ്പുനൽകുന്നില്ല. കോവിഡും സാമ്പത്തികപ്രതിസന്ധിയും മാന്ദ്യം സൃഷ്ടിച്ചിരിക്കെ ദേശീയ ആസ്തി ചുളുവിലയിൽ കോർപറേറ്റുകൾക്ക് കൈമാറാനാണ് കളമൊരുങ്ങുന്നത്.
വ്യത്യസ്ത തീയതികളിലെ കൈമാറ്റത്തിന്റെ വരുമാനംതാരതമ്യം ചെയ്യുന്നത് ഉചിതമാകില്ലെന്ന് ദേശീയ ആസ്തിവിൽപ്പന സമീപനരേഖയിൽ പറയുന്നു. കൈമാറ്റ സമയം, വിപണി സാഹചര്യം, ലഭ്യമാകുന്ന മൂലധനം, നിക്ഷേപക താൽപ്പര്യം എന്നിവയനുസരിച്ച് മാറ്റം സംഭവിക്കാം. സ്വകാര്യകോർപറേറ്റുകൾക്ക് തന്ത്രപൂർവ്വം ആസ്തികൾ മറിച്ചുനൽകാനുള്ള ന്യായങ്ങളാണ് കേന്ദ്രം നിരത്തുന്നത്.
‘മുൻകൂർ ജാമ്യം’
പ്രതീക്ഷിക്കുന്ന വരുമാനം കിട്ടില്ലെന്ന് മുൻകൂർ ജാമ്യം എടുക്കുന്ന സർക്കാർ ഇതിന് മുന്നോട്ടുവയ്ക്കുന്ന കാരണങ്ങൾ വിചിത്രം. കൈമാറ്റ സംവിധാനത്തിലെ ധനവ്യവസ്ഥകൾ, മത്സരാധിഷ്ഠിത ലേലം, ആസ്തി ഗുണനിലവാരം, കൈമാറ്റം ചെയ്യുന്ന ആസ്തികളുടെ തോത് എന്നിവ വ്യത്യസ്തമാണ്. പൊതു–- സ്വകാര്യ പങ്കാളിത്ത മാതൃകയിലും സ്വകാര്യനിക്ഷേപം നിശ്ചിത സമയപരിധിയിൽ വരുമെന്ന് നിശ്ചയിക്കാനാകില്ല. ചില ആസ്തികളിൽ കണക്കാക്കുന്ന വരുമാനം കിട്ടില്ല, ചിലതിൽ പ്രതീക്ഷിക്കുന്നതിലും കൂടുതലുമാകാം– -സമീപനരേഖ പറയുന്നു.
ജനത്തെ
കൊള്ളയടിക്കുന്നു: യെച്ചൂരി
കോർപറേറ്റുകൾക്ക് ജനത്തെ കൊള്ളയടിക്കാനുള്ള സാഹചര്യമാണ് മോദി സർക്കാർ സൃഷ്ടിക്കുന്നതെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. റോഡുകളും റെയിൽവേയും കോർപറേറ്റുകൾക്ക് ലഭിക്കുന്നതോടെ റോഡുകളിലെല്ലാം ടോൾ നൽകേണ്ടിവരും. ട്രെയിൻ യാത്രനിരക്ക് കുത്തനെ ഉയരും. ഇന്ത്യയെ വിൽക്കൽ മാത്രമല്ല; ജനത്തെ കൊള്ളയടിക്കലുമാണ് നടക്കാൻ പോകുന്നതെന്നും യെച്ചൂരി ട്വീറ്റ് ചെയ്തു.