ന്യൂഡൽഹി
ജമ്മു–-കശ്മീരിന് സംസ്ഥാനപദവി പുനഃസ്ഥാപിക്കണമെന്ന് ഗുപ്കാർ സഖ്യം രാഷ്ട്രീയ പാർടികൾ കേന്ദ്ര സർക്കാരിനോട് ആവർത്തിച്ച് ആവശ്യപ്പെട്ടു. രാഷ്ട്രീയ തടവുകാരെ എത്രയും വേഗം വിട്ടയക്കണമെന്നും ചൊവ്വാഴ്ച സഖ്യം യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രത്യേക പദവി എടുത്തുകളഞ്ഞ 2019 ആഗസ്ത് അഞ്ചിന് മുമ്പുള്ള സ്ഥിതി പുനഃസ്ഥാപിക്കണമെന്ന് ഗുപ്കാർ സഖ്യം വക്താവും സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗവുമായ മുഹമദ് യൂസഫ് തരിഗാമി യോഗശേഷം മാധ്യമങ്ങളോട് പറഞ്ഞു.
സിപിഐ എമ്മിന് പുറമെ നാഷണൽ കോൺഫറൻസ്, പിഡിപി തുടങ്ങിയ രാഷ്ട്രീയ പാർടികൾകൂടി ഉൾപ്പെട്ടതാണ് ഗുപ്കാർ സഖ്യം. രണ്ടുമാസം മുമ്പ് ജമ്മു–-കശ്മീരിലെ രാഷ്ട്രീയ പാർടി നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ ദില്ലിയിലേക്കുള്ള ദൂരവും ഹൃദയങ്ങൾ തമ്മിലുള്ള ദൂരവും കുറയ്ക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. എന്നാൽ, നടപടിയുണ്ടായില്ലെന്നും – പ്രമേയത്തിൽ പറഞ്ഞു.