മലപ്പുറം
മലബാർ സമരത്തെ വർഗീയ കലാപമായി ചിത്രീകരിക്കാനുള്ള ഹിന്ദുത്വ ശക്തികളുടെ നീക്കത്തിന് നൂറ്റാണ്ടിന്റെ പഴക്കം. 1921ലെ സംഭവങ്ങൾക്കുപിറകെ ഹിന്ദുമഹാസഭയുടെയും ആര്യസമാജത്തിന്റെയും നേതാക്കൾ കേരളത്തിലെത്തി. സമരത്തെ ഹിന്ദു വംശഹത്യയാക്കി ചേരിതിരിവിന് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അന്ന് ജനങ്ങൾ തിരസ്കരിച്ച വാദവുമായി രാഷ്ട്രീയനേട്ടം കൊയ്യാനുള്ള പരീക്ഷണത്തിലാണ് ഭരണത്തിലുള്ള ബിജെപിയും സംഘപരിവാറും.
ഹിന്ദുമഹാസഭ നേതാവ് ഡോ. ബാലകൃഷ്ണ ശിവറാം മൂൻജെയാണ് കേരളത്തിൽ ആദ്യമെത്തിയത്. മലബാറിലെ പ്രദേശങ്ങൾ സന്ദർശിച്ച് അദ്ദേഹം തയ്യാറാക്കിയ റിപ്പോർട്ട് അടിമുടി വർഗീയമായിരുന്നു. ഹിന്ദുക്കൾക്കെതിരായ സംഘടിത ആക്രമണമെന്ന റിപ്പോർട്ട് ഉത്തരേന്ത്യയിൽ പ്രചരിപ്പിച്ചു. ഹിന്ദു സംഘടനകൾ അതേറ്റെടുത്തു. ഹിന്ദുമഹാസഭയും ആര്യസമാജവും വർഗീയ ലേഖനങ്ങൾ ഇറക്കി. സത്യവതി കി പുകാർ, മലബാർ ക ദൃശ് എന്നീ പേരുകളിലായിരുന്നു ലഘുലേഖ. കേരളത്തിൽ അവ വിലപ്പോയില്ല. മൂൻജെ പിന്നീട് ഹിന്ദുമഹാസഭയുടെ അഖിലേന്ത്യാ നേതാവായി. മൂൻജെയ്ക്ക് പിറകെ കേരളത്തിലെത്തിയ ആര്യസമാജം നേതാവ് ഋഷി റാമും വർഗീയവികാരം ഉണർത്താൻ പരിശ്രമിച്ചു.
വെട്ടിമാറ്റൽ സംഘപരിവാർ
പരാതിയിൽ
ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ (ഐസിഎച്ച്ആർ) തയ്യാറാക്കിയ 2015ലെ സ്വാതന്ത്ര്യസമര രക്തസാക്ഷി നിഘണ്ടുവിൽ മലബാർ സമരനേതാക്കൾ ഉൾപ്പെടെ 387 പേരും ഉൾപ്പെട്ടിരുന്നു.
പട്ടികയിലെ ഓരോ പേരിനൊപ്പവും അവരെക്കുറിച്ചുള്ള ഔദ്യോഗിക രേഖകൾ ഉൾക്കൊള്ളിച്ചു. അതിൽ ബ്രിട്ടീഷ് രേഖകളും ഉൾപ്പെടും. കേരളത്തിലെ ആർഎസ്എസ്, വിശ്വഹിന്ദുപരിഷത്ത് നേതാക്കൾ ബിജെപി കേന്ദ്രനേതൃത്വത്തിന് പരാതി നൽകിയതോടെയാണ് മലബാർ സമര യോദ്ധാക്കളുടെ പേര് നീക്കാൻ നിർദേശം വന്നത്.
ചരിത്രം തിരുത്തുന്നത്
ആർഎസ്എസ് പ്രേരണയിൽ
മലബാർ സമരത്തിൽ പങ്കെടുത്ത് ജീവത്യാഗം ചെയ്തവരെ സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ പട്ടികയിൽനിന്ന് നീക്കാനുള്ള തീരുമാനത്തിനുപിന്നിൽ ആർഎസ്എസ്.
2019ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനംചെയ്ത ‘രക്തസാക്ഷികളുടെ നിഘണ്ടു: ഇന്ത്യൻ സ്വാതന്ത്ര്യസമരം(1857–-1947)’ എന്ന പുസ്തകത്തിലെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ സ്വാതന്ത്ര്യസമര സേനാനികളുടെ വിവരങ്ങൾ ഉൾക്കൊള്ളുന്ന അഞ്ചാം വാല്യത്തിൽനിന്നാണ് ഇവരെ നീക്കുന്നത്.
പ്രകാശനത്തിനുശേഷം ആർഎസ്എസ് ഉന്നയിച്ച പരാതിയെ തുടർന്നാണ് ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ(ഐസിഎച്ച്ആർ) മൂന്നംഗ സമിതിയെ പുനഃപരിശോധനയ്ക്ക് നിയോഗിച്ചത്. ഈ സമിതിയാണ് വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ലിയാർ എന്നിവരടക്കം 387 പേരെ രക്തസാക്ഷി പട്ടികയിൽനിന്ന് നീക്കാൻ ശുപാർശ നൽകിയത്. ഖലീഫയുടെ ഭരണം സ്ഥാപിക്കാനാണ് മലബാർ സമരപോരാളികൾ ശ്രമിച്ചതെന്ന് സമിതി ആരോപിക്കുന്നു. ഇത് ആർഎസ്എസിനെ പ്രീതിപ്പെടുത്താനാണ്.
പുന്നപ്ര–-വയലാർ, കയ്യൂർ, കരിവള്ളൂർ, കാവുമ്പായി സമരങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് സ്വാതന്ത്ര്യസമര രക്തസാക്ഷികളായുള്ള അംഗീകാരം തുടരാനും സമിതി തീരുമാനിച്ചു.
ദിവാൻ ഭരണത്തിനെതിരായ പുന്നപ്ര–-വയലാർ സമരത്തിൽ പങ്കെടുത്ത് ജീവൻ ബലി നൽകിയ 84 പേരും ‘‘ഇൻക്വിലാബ് സിന്ദാബാദ്, കമ്യൂണിസ്റ്റ് പാർടി സിന്ദാബാദ്’’ എന്ന മുദ്രാവാക്യം മുഴക്കി തൂക്കുമരത്തിലേക്ക് നീങ്ങിയ കയ്യൂർ രക്തസാക്ഷികളും സ്വാതന്ത്ര്യസമര രക്തസാക്ഷി പട്ടികയിൽ തുടരും. സിവിൽ നിസ്സഹകരണ സമരത്തെ തുടർന്ന് നെയ്യാറ്റിൻകര, കൊല്ലം, പുതുപ്പള്ളി എന്നിവിടങ്ങളിലുണ്ടായ പൊലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടവരും സ്വാതന്ത്ര്യസമര രക്തസാക്ഷികളാണ്.