മലബാർ സമരത്തെ തള്ളിപ്പറയുന്നവരുടേത് ബ്രിട്ടീഷ് അനുകൂല മനോഭാവമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ പറഞ്ഞു. മലപ്പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലബാർ സമരത്തെ പാരീസ് കമ്യൂണിനോടാണ് എ കെ ജി താരതമ്യപ്പെടുത്തിയത്. അതിന്റെ പേരിൽ ബ്രിട്ടീഷ് പൊലീസ് അദ്ദേഹത്തെ അറസ്റ്റ്ചെയ്തു. സമരത്തെ വർഗീയകലാപമായി ചിത്രീകരിക്കാനാണ് അവർ ശ്രമിച്ചത്. ആ രീതിയാണ് ആർഎസ്എസിന്റേതും.
കേന്ദ്രസർക്കാർ പേര് വെട്ടിമാറ്റിയാൽ മലബാർ സമരം ചരിത്രത്തിൽനിന്ന് ഇല്ലാതാകില്ല. മൗലികമായി ജന്മിത്വവിരുദ്ധവും സാമ്രാജ്യത്വവിരുദ്ധവുമായിരുന്നു സമരം. മലബാർ സമരത്തെപ്പറ്റി ആഴത്തിൽ പഠിച്ച ഇന്ത്യക്കാരും വിദേശികളുമായ ചരിത്രകാരന്മാർ ഈ വസ്തുത എടുത്തുപറഞ്ഞിട്ടുണ്ട്. ബ്രിട്ടീഷ്വിരുദ്ധതയ്ക്കാണ് അവരെല്ലാം പ്രഥമസ്ഥാനം നൽകിയത്. കമ്യൂണിസ്റ്റ് പാർടി 1946ൽ പുറത്തിറക്കിയ ‘1921–- ആഹ്വാനവും താക്കീതും’ പ്രമേയത്തിൽ ഇത് വിശദമാക്കി. സമരസേനാനികളുടെ ധീരോദാത്തമായ പോരാട്ടവീറിനെ ഉയർത്തിപ്പിടിച്ചെന്നും വിജയരാഘവൻ പറഞ്ഞു.